ചാലക്കുടി: ആയുഷ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ അനുവദിച്ച ആയൂർവേദ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂലായ് ആദ്യവാരം ആരംഭിക്കും. ഇതിനായി നഗരസഭ അനുവദിച്ച 60 സെന്റ് സ്ഥലം ഒരുക്കൽ പൂർത്തിയായി. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.14 കോടി രൂപയുടേതാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ 9.5 കോടി രൂപ ഇതിനകം അനുവദിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. നൂറു കിടപ്പു രോഗികളെ പ്രവേശിപ്പിക്കുന്ന സൗകര്യമാണ് ആശുപത്രിയിൽ ഒരുക്കുക. ആയൂർവേദത്തിന് പുറമെ, യുനാനി, സിദ്ധ ചികിത്സാ സംവിധാനവുമുണ്ടാകും. കണ്ണിന്റെ വിദഗ്ദ്ധ ചികിത്സയും, പഞ്ചകർമ്മ ചികിത്സയും ഉണ്ടാകും. ബി.ഡി. ദേവസി എം.എൽ.എയാണ് ആശുപത്രി ചാലക്കുടിക്ക് ലഭ്യമാക്കുന്നതിന് പ്രയത്‌നിച്ചത്.