തൃശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് 'ജീവിതം തന്നെ ലഹരി' എന്ന പേരിൽ എക്‌സൈസ് വകുപ്പ് ചിത്ര മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം.

രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ജൂൺ 26ന് മുൻപ് വാട്ട്‌സാപ്പിലൂടെ അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ഹ്രസ്വചിത്ര മത്സരത്തിന് പുറമെ കഥ, കവിതാ മത്സരവും, പൊതുജനങ്ങൾക്കായി ട്രോൾ ഇമേജ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ട്രോൾ ഇമേജുകൾ ജില്ലാ വിമുക്തി കോ- ഓർഡിനേറ്ററുടെ 9400077077 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം.
വിദ്യാർത്ഥികൾക്കായുള്ള കഥ, കവിത മത്സരത്തിലെ സൃഷ്ടികൾ 10 പുറത്തിൽ കവിയരുത്. സൃഷ്ടികൾ വിദ്യാർത്ഥിയുടെ പേരും മേൽവിലാസവും, മൊബൈൽ നമ്പർ, പഠിക്കുന്ന സ്‌കൂളിന്റെ പേര്, ക്ലാസ്സ് എന്നിവ രേഖപ്പെടുത്തി vimukthiexcise@gmail.com എന്ന ഇമെയിലിൽ അയക്കണം. കൈയെഴുത്ത് രൂപത്തിലോ ടൈപ്പ് ചെയ്‌തോ ആയ രചനകൾ സ്വീകരിക്കും. അഞ്ച് മുതൽ എട്ട് വരെ പഠിക്കുന്നവരെ ഒരു വിഭാഗമായും ഒമ്പത് മുതൽ 12 വരെ ക്ലാസിലുള്ളവരെ മറ്റൊരു വിഭാഗമായും പരിഗണിച്ചാണ് എൻട്രികൾ സ്വീകരിക്കുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി: ജൂൺ 26.