തൃശൂർ : കേരളത്തിന്റെ മദ്ധ്യമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കേണ്ട വൈദ്യുതി വകുപ്പിന്റെ പ്രധാന ഓഫീസ് തിരുവനന്തപുരത്തേക്ക് പറിച്ച് നട്ടതോടെ നിരവധി പദ്ധതികളുടെ പ്രവർത്തനം മന്ദഗതിയിൽ.
തൃശൂർ വൈദ്യുതി ഭവൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചീഫ് എൻജിനിയർ സിവിൽ കൺസ്ട്രക്‌ഷൻ ഓഫീസ് പ്രവർത്തനം പുന:സ്ഥാപിക്കാനുള്ള ഉത്തരവാണ് ചുവപ്പു നാടയിലായത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നതിനാൽ പ്രവർത്തനവേഗം കുറയുന്നുവെന്നാണ് ആരോപണം.
ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ 2017 ജൂലായ് 13 ന് ഓഫീസ് പ്രവർത്തനം തൃശൂരിലേക്ക് മാറ്റാൻ ചെയർമാൻ ഉത്തരവിട്ടിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ സർക്കാർ അന്തിമമായി തീരുമാനമെടുത്താൽ പദ്ധതിയെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണവും നടത്തേണ്ടതും നിർമ്മാണ പ്രവർത്തനം മേൽനോട്ടം വഹിക്കേണ്ടതും ഈ ഓഫീസാകും. കൊവിഡ് കാലത്ത് പ്രവർത്തനം മന്ദഗതിയിലാവാതിരിക്കാൻ ഓഫീസ് പ്രവർത്തനം തൃശൂരിലേക്ക് മാറ്റുന്നത് ഏറെ ഗുണകരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രവർത്തന വേഗം കൂട്ടാം
പദ്ധതി പ്രദേശം സന്ദർശിക്കാൻ തിരുവനന്തപുരത്ത് നിന്ന് ഉദ്യോഗസ്ഥർ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താൽ ഓഫീസ് പ്രവർത്തനം തൃശൂരിലേക്ക് മാറ്റുന്നതാണ് ഉചിതം. പെരിങ്ങൽക്കുത്ത് പോലുള്ള വലിയ പദ്ധതികൾ കമ്മിഷൻ ചെയ്യാൻ വൈകുമ്പോൾ ഓരോ മാസവും ഒന്നര കോടി രൂപയോളമാണ് നഷ്ടം സംഭവിക്കുന്നത്. ചീഫ് എൻജിനിയറടക്കം ഇരുപതോളം ഉദ്യോഗസ്ഥരാണ് ഓഫീസിൽ വേണ്ടി വരിക. ഓഫീസ് ഇവിടേക്ക് വരികയാണെങ്കിൽ തൃശൂർ ഉൾപ്പെടെയുള്ള അടുത്ത ജില്ലകളിലെ എൻജിനിയേഴ്‌സ് തസ്തികയിൽ ഉള്ള സ്ത്രീകളടക്കമുള്ളവർക്ക് പ്രയോജനകരമാവും. ഇടുക്കി, ഷോളയാർ തുടങ്ങിയ പദ്ധതികളുടെ നവീകരണ പ്രവർത്തനങ്ങളും പെരിങ്ങൽകുത്ത് ഡാമിന്റെ അധികജല നിർഗ്ഗമന പഥത്തിന്റെ നിർമ്മാണവും ഏറ്റേടുക്കേണ്ടതുണ്ട്.
പ്രവർത്തന മേഖല
സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ ഇൻവെസ്റ്റിഗേഷൻ, ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കൽ, മദ്ധ്യമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നിരുന്ന ഓഫീസ് 2002 ലാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇതോടെ പ്രവർത്തനം തകിടം മറിഞ്ഞു.
ഉടൻ പൂർത്തിയാക്കേണ്ട ജലവൈദ്യുത പദ്ധതികൾ
പെരിങ്ങൽക്കുത്ത്
അപ്പർ കല്ലാർ
ഭൂതത്താൻകെട്ട്
പള്ളിവാസൽ
തോട്ടിയാർ
ചിന്നാർ
മാങ്കുളം
ആനക്കയം