തൃശൂർ: കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി യൂ ട്യൂബ് ചാനലുമായി അഗ്നിരക്ഷാ സേന. ദുരന്ത ലഘൂകരണത്തിനുളള ബോധവത്കരണ വീഡിയോകൾ ഈ ചാനൽ വഴി പുറത്ത് വിടുകയാണ് ലക്ഷ്യം. പ്രളയമുണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വീഡിയോകളിൽ ഉൾപ്പെടുത്തിയത്. എമർജൻസി കിറ്റുകൾ തയ്യാറാക്കാനുളള പരിശീലനമാണ് കേരളാ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് അക്കാഡമിയും സിവിൽ ഡിഫൻസ് അക്കാഡമിയും സംയുക്തമായി അവതരിപ്പിക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അടുത്ത ദുരന്തത്തിന് കാത്തു നിൽക്കാതെ എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ ഒരുക്കുന്നതിനാണ് ബോധവത്കരണ വീഡിയോ ഒരുക്കുന്നത്. ഫയർ ആൻഡ് റസ്‌ക്യൂ അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ റെനി ലൂക്കോസിന്റെയും സിവിൽ ഡിഫൻസ് അക്കാഡമി സ്റ്റേഷൻ ഓഫീസർ ഇ. കെ. അബ്ദുൾ സലീമിന്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ എഫ്. ആർ. ഒ മുഹമ്മദ് അലി, എഫ്. എ. ആർ. എസ്. എ ക്ലർക്ക് നോബിൾ രാജു, കെ.ആർ ശ്രീനിവാസൻ തുടങ്ങിയവരാണ് സുരക്ഷാ മുന്നൊരുക്ക വീഡിയോയുടെ പിന്നണിയിൽ പ്രവർത്തിച്ചത്..