തൃശൂർ: ഞായറാഴ്ചകളിലും അധികം പണിയെടുത്ത് പരമാവധി ജൂൺ 30 നുള്ളിൽ തന്നെ പുസ്തകം സ്‌കൂളുകളിലെത്തിക്കാൻ കുടുംബശ്രീ പ്രവർത്തകർ.
ഇതിന്റെ ഭാഗമായി ദിവസം ഒരു ലക്ഷം പാഠപുസ്തകം വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ അംഗങ്ങൾ. ലക്ഷം പാഠപുസ്തകങ്ങൾ തരംതിരിച്ച് സ്‌കൂൾ സൊസൈറ്റികൾക്ക് എത്തിച്ച് സമയബന്ധിതമായി പാഠ പുസ്തക വിതരണം ചെയ്യാനുള്ള കഠിനാദ്ധ്വാനത്തിലാണ് കുടുംബശ്രീ. ജില്ലയിലെ പാഠപുസ്തക ഹബ്ബുകളായ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്, വെളിയന്നൂർ ബുക്ക് ഡിപ്പോ എന്നിവിടങ്ങളിൽ എത്തിച്ചിരിക്കുന്ന പുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികൾക്ക് തരം തിരിച്ചു നൽകുന്ന പ്രവർത്തനമാണ് നടക്കുന്നത്.
14 കുടുംബശ്രീ പ്രവർത്തകരാണ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കുന്നത്. ജൂൺ ഒന്നു മുതൽ പുതിയ പുസ്തകങ്ങളുടെ തരം തിരിക്കൽ തുടങ്ങി. ജൂൺ നാല് മുതലാണ് സൊസൈറ്റിയിലേക്ക് പുസ്തകം എത്തിച്ചു തുടങ്ങിയത്. ഇതുവരെ മൂന്നര ലക്ഷത്തോളം പാഠപുസ്തകങ്ങൾ സ്‌കൂളുകളിലേക്ക് എത്തിച്ചു.