തൃശൂർ: കുരിയച്ചിറയിലെ സപ്ലൈകോ ഗോഡൗൺ തുറക്കുന്നത് സംബന്ധിച്ച് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ ചേംബറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ, ഗവൺമെന്റ് ചീഫ് വിപ്പ് കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സപ്ലൈകോ, റിലയൻസ്, കെ. എസ്. ബി. സി എന്നീ സ്ഥാപനങ്ങൾ ചേർന്ന് പ്ലാൻ തയ്യാറാക്കി 22 ന് കളക്ടർക്ക് നൽകും. കുരിയച്ചിറ വെയർ ഹൗസിലെ രോഗബാധിതരായ നാല് തൊഴിലാളികളുടെയും ഫലം നെഗറ്റീവായി.
നാല് പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന 500 പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. തൊഴിലാളികളുമായി നേരിട്ടും അല്ലാതെയും സമ്പർക്കമുള്ള 150 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കക്കയച്ചു. നൂറോളം പേരുടെ ഫലം നെഗറ്റീവായി. ബാക്കിയുള്ള ഫലങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കുരിയച്ചിറ ഉൾപ്പെടുന്ന സോണിൽ നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി. സപ്ലൈകോ പാലക്കാട് റീജണൽ മാനേജർ മോളി. യു, ഡി. എസ്. ഒ. അയ്യപ്പദാസ് .ടി, റിലയൻസ് സീനിയർ മാനേജർ കെ. വി. സാബു, കെ. എച്ച്. ഡബ്ല്യൂ. ഡബ്ല്യൂ. ബോർഡ് അംഗം ജോജു പി. എ, എ. ഐ. ടി. യു. സി അംഗം പി. ഡി റെജി, വെയർ ഹൌസ് മാനേജർ ജയശ്രീ വി. സി. തുടങ്ങിയവർ പങ്കെടുത്തു...
ക്രമീകരണങ്ങൾ ഇവ
തൊഴിലാളികൾ, ഡ്രൈവർമാർ, ജീവനക്കാർ എന്നിവർക്ക് പ്രത്യേകം ശുചിമുറി
മാസ്‌ക്, സാമൂഹിക അകലം, അണുനശീകരണം എന്നിവ നിർബന്ധം
56 ലോഡിംഗ് തൊഴിലാളികളെ ക്ഷേമനിധി ബോർഡുമായി ആലോചിച്ച് മൂന്ന് വർക്കിംഗ് പൂളുകളാക്കി മാറ്റും
ദിനം പ്രതി 250 വണ്ടികൾ വരുന്ന ഗോഡൗണിൽ കർശന നിയന്ത്രണം