തൃശൂർ: കൊവിഡ് കെയർ സെൻ്ററിൽ നിശ്ചയിച്ച ജോലിക്ക് ഹാജരാകാതിരുന്ന സ്കൂൾ അദ്ധ്യാപകൻ്റെ പേരിൽ കേസ് എടുക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് പൊലീസിന് നിർദ്ദേശം നൽകി. കുന്നംകുളം ഗവ. ഹൈസ്കൂളിലെ (ഡെഫ്) അദ്ധ്യാപകനായ കെ. ജോബ്സൺ എബ്രഹാമിനെതിരെയാണ് നടപടി സ്വീകരിക്കുക. കുന്നംകുളം പി.എസ്. എം ഡെൻ്റൽ കോളേജിലെ കൊവിഡ് കെയർ സെന്ററിൽ ജൂൺ 16 മുതൽ 22 വരെ ജോബ്സൺ എബ്രഹാമിന് പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. എന്നാൽ 16ന് രാത്രിയിലും 17നും അനധികൃതമായി അദ്ധ്യാപകൻ ജോലിയിൽ നിന്ന് വിട്ടുനിന്നതായി പരാതി ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോർക്കുളം പഞ്ചായത്ത് സെക്രട്ടറി കുന്നംകുളം തഹസീൽദാർക്ക് റിപ്പോർട്ട് നൽകി. തഹസീൽദാരുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയനുസരിച്ചാകും കേസ്.