ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ നിന്നും താത്കാലികമായി കൊവിഡ് രോഗികളെ മാറ്റിതുടങ്ങി. ജീവനക്കാരുടെ അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്ന് പറയുന്നു. 24ൽ ഇനിയിവിടെ അവശേഷിക്കുന്നത് മൂന്നു രോഗികൾ മാത്രം. പത്തുപേരെ കൊരട്ടി ത്വക്ക് രോഗാശുപത്രിയിലേക്കും മറ്റുള്ളവരെ കൊടുങ്ങല്ലൂർ ആശുപത്രിയിലേക്കുമാണ് മാറ്റിയത്.
ആരോഗ്യ വകുപ്പ് ഔദ്യോഗികമായി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിക്കുന്നതിന് മുമ്പേ, ചാലക്കുടിയിൽ രോഗികളെ കിടത്തി തുടങ്ങിയതിൽ ഡോക്ടർമാർ അതൃപ്തിയിലായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് നവജാത ശിശു മരിച്ചതിനെ തുടർന്ന് ഡോക്ടർ അടക്കം അഞ്ചുപേരെ ക്വാറന്റൈനിൽ വിട്ടത്. തുടർന്ന് ബുധനാഴ്ച മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിക്കുന്ന വിധം പ്രതിഷേധവുമുണ്ടായി. മരിച്ച കുട്ടിയ്ക്ക് കൊവിഡ് ബാധയില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
......................
ആദിവാസികൾ അടക്കമുള്ള നൂറുകണക്കിന് ആളുകളുടെ ആശ്രയം
അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസികൾ അടക്കമുള്ള നൂറുകണക്കിന് ആളുകൾക്ക് ഏക ആശ്രയമായ ചാലക്കുടി താലൂക്ക് ആശുപത്രി കൊവിഡ് കോന്ദ്രമാക്കുന്നതിൽ ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ നേരത്തെത്തന്നെ അനിഷ്ടത്തിലായിരുന്നു. 54 മുറികൾ ഒരുക്കിയിരുന്നെങ്കിലും ഇവിടെ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇതുവരേയും ഇറങ്ങിയിട്ടില്ല.