ചാലക്കുടി: വിനോദ സഞ്ചാരികൾക്കായി കോസ്‌മോസ് ക്ലബ്ബിനടുത്ത് നഗരസഭ നിർമ്മിച്ച വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേയ്ക്ക് ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. പ്രളയത്തിൽ ഭാഗികമായി തകരാറുണ്ടായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി നഗരസഭ മൂന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ അംഗീകരിച്ചതിനെ തുടർന്ന് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും.

30 ലക്ഷം രൂപ ചെലവിൽ ടൂറിസം വകുപ്പ് 2014ലാണ് വിശ്രമ കേന്ദ്രം സ്ഥാപിച്ചത്. ചാലക്കുടി നഗരസഭ ഇതിന് പത്തു സെന്റ് സ്ഥലം നൽകിയിരുന്നു. നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം മൂലം പ്രവർത്തനം വൈകുകയായിരുന്നു. ഇതിനിടെയാണ് പ്രളയം ബാധിച്ചത്. ഇതിനിടെ ടേയ്ക്ക് ബ്രേയ്ക്കിന്റെ പൂർണ്ണ ചുമതല നഗരസഭയ്ക്ക് കൈമാറി.

കുടുംബശ്രീക്കായിരിക്കും നടത്തിപ്പ്. അതിരപ്പിള്ളി മേഖലയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യം നിർവഹിക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകും. ലഘു ഭക്ഷണവും ലഭിക്കും. ടൂറിസം സംബന്ധിച്ച നിർദ്ദേശങ്ങൾക്കുള്ള സംവിധാനവുമുണ്ടാകും.