തൃശൂർ: കൊവിഡ് കാലത്ത് സാനിറ്റൈസറിന്റെ ഉപയോഗം കൂടിയതിന്റെ മറവിൽ ലൈസൻസില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലും ഗുണനിലവാരം ഇല്ലാതെയും സാനിറ്റൈസർ നിർമ്മിച്ച് വിൽക്കുന്നത് വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞദിവസം, ലൈസൻസില്ലാതെ നിർമ്മിച്ച സാനിറ്റൈസർ വാടാനപ്പിള്ളി ബീച്ച് റോഡ് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് പിടികൂടിയിരുന്നു.

സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്ത്, സാനിറ്റൈസറുകളും രേഖകളും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇൗ പശ്ചാത്തലത്തിൽ ജില്ലയിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ മിന്നൽ പരിശോധന തുടരുകയാണ്. ലൈസൻസ് ഇല്ലാത്തതും ഗുണനിലവാരം ഇല്ലാത്തതുമായ സാനിറ്റൈസറുകൾ വിപണിയിലെത്തുന്നത് കൊവിഡ് പ്രതിരോധത്തെ തകർക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ഹാൻഡ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നതാണ്.

ലോകാരോഗ്യസംഘടനയുടെ നിബന്ധനകൾ അനുസരിച്ച് വേണം സാനിറ്റൈസറുകൾ നിർമ്മിക്കാൻ. അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ ഉത്പാദിപ്പിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണം. നിലവിൽ ലൈസൻസുകളുള്ള മരുന്ന് വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാൻഡ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് കുറ്റകരവും, ശിക്ഷാർഹവുമാണ്. സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കിൽ അപകടസാദ്ധ്യതയുണ്ട്. കൊവിഡ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ സാനിറ്റൈസർ കിട്ടാനില്ലായിരുന്നു. എന്നാൽ ഇൗയിടെ ഇത് വ്യാപകമായി.

ഡ്രഗ്സ് കൺട്രോളറുടെ നിർദ്ദേശങ്ങൾ

സാനിറ്റൈസർ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ നിർബന്ധമായും ഫോറം ട്വന്റി എ പ്രകാരം ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്നും ലൈസൻസ് എടുത്തിരിക്കണം.

ഡ്രഗ്സ് ലൈസൻസുള്ള ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കാനുള്ള അനുമതി

ലൈസൻസുകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ സ്റ്റോക്ക് ചെയ്ത് വിൽക്കുന്നത് ശിക്ഷാർഹം.

ഡ്രഗ്‌സ് നിർമ്മാണ ലൈസൻസ് ഉള്ളവരുടെ സാനിറ്റൈസറുകളാണ് സ്റ്റോക്ക് ചെയ്യുന്നതെന്നും ലൈസൻസുള്ള സ്ഥാപനങ്ങൾക്കാണ് വിൽക്കുന്നതെന്നും മൊത്ത വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണം.

.............

വ്യാജ സാനിറ്റൈസറുകളെക്കുറിച്ച് പരാതികൾ ലഭിക്കുന്നതിനാൽ പരിശോധന വ്യാപകമായി നടക്കുന്നുണ്ട്. ഉപയോഗയോഗ്യമല്ലാത്ത മൂന്ന് കമ്പനികളെ തൃശൂരിൽ നിരോധിച്ചിട്ടുണ്ട്. വാടാനപ്പിള്ളിയിൽ നിന്നും മുൻപ് വടക്കേക്കാടിനടുത്ത് കൊച്ചന്നൂരിൽ നിന്നും ലൈസൻസില്ലാതെ സാനിറ്റൈസർ വിറ്റതിന് നടപടിയെടുത്തിരുന്നു.

പി.എം ജയൻ

അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ