കൊടുങ്ങല്ലൂർ: കടലാക്രമണം ഉണ്ടായ കയ്പമംഗലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സന്ദർശിച്ചു. തീരദേശത്തെ ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം നടക്കുന്നുണ്ടെന്നും എം.എൽ.എയുടെ ശുപാർശയെ തുടർന്ന് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾക്കും അഞ്ച് ലക്ഷം രൂപവരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നും എം.എൽ.എ അറിയിച്ചു. നിലവിൽ വേലിയേറ്റമുള്ള വീടുകൾക്കെല്ലാം പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ സർക്കാർ അനുവദിച്ചത് ഏറെ ആശ്വാസമാണെന്നും വേലിയേറ്റ സമയത്ത് കരയിലേക്ക് വെള്ളം കയറുന്നത് തടയാൻ കളക്ടർ മുതൽ ഇറിഗേഷൻ റിപ്പാർട്ട്‌മെന്റും മറ്റു സർക്കാർ സംവിധാനവും ഉണർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എം.എൽ.എ അറിയിച്ചു. പ്രസിഡന്റുമാരായ ഇ.ജി.സുരേന്ദ്രൻ, സൗദ നാസർ, പ്രസാദിനി മോഹനൻ, വൈസ് പ്രസിഡന്റുമാരായ സുവർണ ജയശങ്കർ, സിദ്ധിഖ്, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.