നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
കാഞ്ഞാണി: പാലാഴിയിൽ കനോലി കനാലിലെ അനധികൃത കൈയ്യേറ്റം പൊളീച്ചുനീക്കി. കൈയ്യേറിയത് പൊളിച്ചു നീക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പൊളിച്ചു നീക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഉടമയ്ക്ക് കർശനനിർദ്ദേശം നൽകിയാണ് കല്ലുകൊണ്ട് ഭിത്തി കെട്ടി കൈയ്യേറ്റം നടത്തിയത് പൊളിപ്പിച്ചത്. രാഷ്ട്രീയ തണലിൽ പാലാഴി, മണലൂർ, മാമ്പുള്ളി, കരിക്കൊടി കനോലികനാലിൽ അനധീകൃത കൈയ്യേറ്റങ്ങൾ നടക്കുമ്പോൾ പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു.
......................
കനോലി കനാൽ കൈയ്യേറിയത് പൊളിച്ചുനീക്കാൻ കർശന നിർദ്ദേശം നൽകി. എന്നാൽ സ്വന്തം സ്ഥലമാണെന്ന് അവകാശവാദമുന്നയിച്ച് ചിലരേഖകൾ ഉടമ സമർപ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടി ചെയ്യും. ഭരണസമിതിയുമായി ചർച്ച ചെയ്ത് മറ്റുപ്രദേശങ്ങളിൽ കൈയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരിശോധന നടത്തി നിയമനടപടി എടുക്കും.
- ടി.വി. ശിവദാസ് (പഞ്ചായത്ത് സെക്രട്ടറി)