4.56 കോടിയുടെ പിഴ റദ്ദാക്കി
തൃശൂർ: കോർപറേഷനിലെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് ഹൈക്കോടതിയുടെ അംഗീകാരം. നേരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് പിഴയായി ചുമത്തിയ 4.56 കോടി രൂപ അടയ്ക്കാനുള്ള വിധി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബഞ്ച് റദ്ദാക്കി.
തൃശൂർ കോർപറേഷൻ മാലിന്യ നിർമ്മാർജ്ജന രംഗത്ത് നടത്തിയ പ്രവർത്തനം വിശദീകരിച്ച് കേരള ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്‌കരിക്കുക എന്ന പുതിയ നയം മാലിന്യ സംസ്‌കരണതിന്റെ ഭാഗമാക്കിയത് തൃശൂരിന്റെ ശ്രദ്ധേയമായ നേട്ടമാണ്. മുപ്പതിനായിരം വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് തരംതിരിച്ച് പൊടിയാക്കുന്നതിന് നാല് ഷ്രഡിംഗ് യന്ത്രങ്ങൾ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ജൈവമാലിന്യം വളമാക്കുന്നതിന് രണ്ട് ഒ.ഡബ്ല്യൂ.സി പ്ലാന്റുകൾ ഇതോടൊപ്പം പ്രവർത്തിക്കുന്നു. എല്ലാ വീടുകളിലെയും ജൈവമാലിന്യം ആ വീടുകളിൽ തന്നെ സംസ്‌കരിക്കുന്നതിന് 12 തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. 20,000 വീടുകളിൽ അത് പ്രാവർത്തികമാക്കി. 2019 നവംബർ ഒന്നുമുതൽ എല്ലാവിധ പ്ലാസ്റ്റിക് ക്യാരിബാഗുകളും തൃശൂർ കോർപറേഷൻ പരിധിയിൽ നിരോധിച്ചു. മൂന്ന് ലക്ഷം ജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കാനായതിലൂടെ മാലിന്യം വലിച്ചെറിയുന്നതിന്റെ അളവ് കുറയ്ക്കാനായതായി കോർപറേഷൻ കോടതിയെ ധരിപ്പിച്ചു. ലാലൂരിൽ കൂട്ടിയിട്ടിരുന്ന ഖരമാലിന്യം ബയോ മൈനിംഗ് ചെയ്തില്ലെന്ന് ചൂണ്ടികാട്ടിയാണ് കേരള മലിനീകരണനിയന്ത്രണ ബോർഡ് തൃശൂർ കോർപ്പറേഷന് 4.56 കോടി രൂപ പിഴ ചുമത്തിയത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഇവ
30000 വീടുകളിൽ നിന്ന് അജൈവമാലിന്യം ശേഖരിച്ച്
പൊടിയാക്കാൻ 4 ഷ്രെഡിംഗ് യന്ത്രങ്ങൾ
ഫ്ളാറ്റുകളിലെ മാലിന്യം സംസ്‌കരിക്കാൻ മാലിന്യം ശേഖരിച്ച് വളമാക്കി തിരിച്ചു നൽകുന്ന മൊബൈൽ മാലിന്യസംസ്‌കരണ പ്ലാന്റ്
അജൈവ മാലിന്യം തരം തിരിക്കുന്നതിന് കോർപറേഷൻ പരിധിയിൽ എട്ട് കേന്ദ്രം
ശക്തനിൽ കേടായിക്കിടന്നിരുന്ന ഇൻസിനറേറ്റർ, 10 ബയോഗ്യാസ് പ്ലാന്റ് എന്നിവ പ്രവർത്തന ക്ഷമമാക്കി
രണ്ട് പുതിയ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ടെൻഡർ പൂർത്തിയാക്കി