വാടാനപ്പിള്ളി: ഏങ്ങണ്ടിയൂരിൽ പൊക്കൊളങ്ങര ബീച്ച് മുതൽ ചേറ്റുവ അഴിമുഖം വരെയും പൊക്കാഞ്ചേരി ബീച്ചിലും കടലേറ്റം ശക്തമായി തുടരുന്നു. മുപ്പത്തി മൂന്ന് വീടുകളിലെ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. കടലിൽ നിന്നും കിഴക്ക് കനോലികനാലുമായി ബന്ധിപ്പിക്കുന്ന ഓർക്കായൽ വരെ കടൽവെള്ളം കെട്ടിക്കിടക്കുകയാണ്. പൊക്കൊളങ്ങര ബീച്ചിൽ കഴിഞ്ഞ ദിവസം മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. അതേ സമയം പൊക്കൊളങ്ങര ബീച്ചിൽ കടൽഭിത്തി തകർന്നിടത്ത് ജിയോ ബാഗ് സ്ഥാപിക്കുന്നത് ആരംഭിച്ചു. ഈ മേഖലയിലാണ് കടൽഭിത്തി തകർന്ന് വെള്ളം കരയിലേക്ക് ഇരച്ചുകയറുന്നത്. ഭിത്തി തകർന്ന ഭാഗം എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ പറഞ്ഞു.