arimpur
വയോധിക പാറുവിനെ അഗതിമന്ദിരത്തിലേക്ക് കൊണ്ടുപോകുന്നു...

അരിമ്പൂർ: വീടുണ്ടായിട്ടും ബന്ധുക്കളുണ്ടായിട്ടും പരിചരണം ലഭിക്കാതെ പ്രായാധിക്യവും മാനസിക പ്രശ്നങ്ങളും മൂലം റോഡരികിൽ വീണ് ദുരിതമനുഭവിച്ച അരിമ്പൂർ ആറാംകല്ല് താണി പറമ്പ് മുത്താം വീട്ടിൽ പാറുവിന് (70) ഇനി ആശ്വാസം. സംസ്ഥാന സാമൂഹിക നീതി വകുപ്പും അന്തിക്കാട് ജനമൈത്രി പൊലീസും ചേർന്ന് കേച്ചേരി വെള്ളാറ്റഞ്ഞൂരിലെ സർക്കാറിന് കീഴിലുള്ള പുഷ്പാ സദൻ അഗതിമന്ദിരത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോകാനാകാതെ താണി പറമ്പ് റോഡരികിൽ തളർന്ന് വീണ ഇവരെ അന്തിക്കാട് ജനമൈത്രി പൊലീസാണ് താങ്ങിയെടുത്ത് വീട്ടിലെത്തിച്ചത്. ഇത് വഴി വന്ന ഒരു മാദ്ധ്യമ പ്രവർത്തകനാണ് ഇവരുടെ ദുരിതം പൊലീസിനെ അറിയിച്ചത്.

കൊച്ചു വീടിന്റെ മൂലയിൽ ആരാലും പരിചരിക്കാനില്ലാതെ ഉപേക്ഷിക്കപെട്ട നിലയിൽ കഴിഞ്ഞിരുന്ന പാറുവിന്റെ നരകജീവിതം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട സാമൂഹിക നീതി വകുപ്പ് ഓർഫനേജ് കൗൺസിലർ മാല രമണൻ ഇടപെട്ടതോടെ ഇവർക്ക് സഹായം എത്തുകയായിരുന്നു. പാറുവിന്റെ വീട്ടിലെത്തിയ മാലാരമണൻ അന്തിക്കാട് പൊലീസിന്റെ സഹായത്തോടെ സാമൂഹിക നീതി വകുപ്പിന്റെ വാഹനത്തിലെത്തിക്കുകയും തുടർന്ന് അരിമ്പൂർ ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വെള്ളാറ്റഞ്ഞൂരിലെ സർക്കാർ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.

സി.പി.എം താണി പറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.ആർ. വർഗ്ഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും സഹായത്തിനെത്തി. പാറുവിന്റെ അസുഖങ്ങൾ പൂർണ്ണമായും മാറി പരാശ്രയമില്ലാതെ നിൽക്കാവുന്ന അവസ്ഥയിൽ മാത്രമേ അഗതിമന്ദിരത്തിൽ നിന്ന് പറഞ്ഞയക്കുകയുള്ളൂവെന്ന് മാല രമണൻ പറഞ്ഞു.