വെള്ളാങ്ങല്ലുർ: വെള്ളാങ്ങല്ലുർ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിമാരെ തുടർച്ചയായി സ്ഥലം മാറ്റുന്നതായി ആക്ഷേപം. ഇടത് ഭരണ സമിതി അധികാരത്തിലേറി നാലര വർഷത്തിനുള്ളിൽ അഞ്ച് സെക്രട്ടറിമാരെയാണ് സ്ഥലമാറ്റിയത്. ഒരു വർഷം തികയ്ക്കാൻ പോലും പലരേയും അനുവദിക്കാതേയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഭരണ സമിതിയുടെ വഴി വിട്ട തീരുമാനങ്ങൾക്ക് കൂട്ട് നിൽക്കാത്ത സെക്രട്ടറിമാരെ ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുന്നതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഭരണ നിർവഹണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോയിരുന്ന സെക്രട്ടറി എം.എച്ച്. ഷാജിക്കിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ഈ സെക്രട്ടറിയെ ഇതിന് മുൻപ് സ്ഥലം മാറ്റിയപ്പോൾ കോടതി ഉത്തരവിലൂടെ വീണ്ടും സെക്രട്ടറിയായി ചാർജ്ജ് എടുക്കുകയാണുണ്ടായത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുവാനും വീണ്ടും അധികാരത്തിൽ വരാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ സ്ഥലം മാറ്റമെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.