തൃശൂർ: കൊവിഡ് കാലത്ത് മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ നാട്ടിലേക്ക് ബാഗേജുകൾ അയക്കാനാവാതെ ദുരിതത്തിൽ. 38 ശതമാനം നികുതി നൽകി 70 കിലോ സാധനം കൊറിയർ സർവീസിലൂടെ അയക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. നിലവിൽ കാർഗോ സേവന മേഖലയും പ്രതിസന്ധിയിലാണ്.

95 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി ടൺ കണക്കിന് സാധനങ്ങളാണ് കാർഗോ വഴി എത്തിയിരുന്നത്. പ്രവാസികൾ കുടുംബങ്ങൾക്ക് അയക്കുന്ന സമ്മാനം മുതൽ വിസ റദ്ദായി നാട്ടിലേക്ക് വരുന്നവർ അവിടെ ഉപയോഗിച്ചിരുന്ന സാധനങ്ങൾ വരെ ഇതിൽപെടും. കൊവിഡ് പടർന്നതോടെ ഇതെല്ലാം നിലച്ചു. വന്ദേ ഭാരത് മിഷൻ ഫ്‌ളൈറ്റുകളും ചാർട്ടർ വിമാനങ്ങളും വഴി പ്രവാസികൾ ഇന്ത്യയിലെത്തുമ്പോഴും, ഇവരുടെ അത്യാവശ്യ സാധനങ്ങൾ പോലും നാട്ടിലേക്ക് കൊണ്ടുവരാനാവുന്നില്ല.

വിമാനങ്ങളിൽ 23 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുക. അധിക തുക മുടക്കി കൂടുതൽ ലഗേജയച്ചാലും, ക്ലിയറൻസ് നടത്തി വാങ്ങാനാവില്ല. ഇന്ത്യയിലെത്തുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. അധിക ലഗേജ് അൺ അക്കമ്പനീഡ് കാർഗോ വഴിയും അയക്കാനാവില്ല. കൊറിയർ സർവീസ് വഴിയാണെങ്കിൽ 70 കിലോഗ്രാം വരെ ബാഗേജിന് 78 ശതമാനം നികുതി വരെ നൽകണം.

...........................................................

'കാർഗോ സേവനങ്ങൾ നിശ്ചലമായ സാഹചര്യത്തിൽ, 38 ശതമാനം നികുതിയിൽ 70 കിലോ വരെ സാധനങ്ങൾ കൊറിയർ വഴി അയക്കാൻ അനുമതി നൽകിയാൽ കോടിക്കണക്കിന് രൂപ ഇന്ത്യൻ സർക്കാരിന് നികുതി ഇനത്തിലും ലഭിക്കും.

മുഹമ്മദ് സാദിഖ്

പ്രസിഡന്റ്

ഇന്റർനാഷണൽ കൊറിയർ അസോസിയേഷൻ