വടക്കാഞ്ചേരി: അപകടക്കെണിയായി എങ്കക്കാട്ടിലെ മേലേതിൽ പാലം ഒടിഞ്ഞു തൂങ്ങി കിടക്കുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. 2018ലെ പ്രളയത്തിലാണ് പാലത്തിന്റെ ഏതാനും ഭാഗങ്ങൾ ഒലിച്ചുപോയത്. ഇപ്പോൾ അവശേഷിക്കുന്നത് ഏതാനം തൂണുകൾ മാത്രം. ഇതിനു മുകളിൽ കമുക് തടികൾ നിരത്തിയാണ് പ്രദേശവാസികളുടെ സഞ്ചാരം.

വാഴാനി പുഴയ്ക്കു കുറുകെ വടക്കാഞ്ചേരി നഗര ഹൃദയത്തിൽ പഴയ അലങ്കാർ തിയ്യറ്ററിന് തൊട്ടു കിടക്കുന്ന മേൽപ്പാലമാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. ഉദ്യേഗസ്ഥരുടെ അനാസ്ഥ മൂലം പാലം നിർമ്മാണം ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലാണ്. മഴ ശക്തമാകുന്നതോടെ പാലം പൂർണ്ണമായും ഒലിച്ചുപോകുമെന്ന് ആശങ്കയുമുണ്ട്.

ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് പാലം നിർമ്മിക്കേണ്ടത്. എന്നാൽ എസ്റ്റിമേറ്റ് കൂടുതാലാണെന്ന കാരണം പറഞ്ഞ് ജലസേചന വകുപ്പ് പാലം നിർമ്മിക്കുന്നതിൽ നിന്നും പിന്നോട്ടുപോയി. നാട്ടുകാരുടെ ദുരിതം കണ്ട് അനിൽ അക്കര എം.എൽ.എ പാലം നിർമ്മിക്കാൻ 70 ലക്ഷം രൂപ അനുവദിച്ചു. ഇതേത്തുടർന്ന് നഗരസഭ എസ്റ്റിമേറ്റം പ്ലാനും തയ്യാറാക്കി അനുമതിക്കായി കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.

സമർപ്പിച്ച ഫയലിൽ ഫുട്ഓവർ ബ്രിഡ്ജ് (നടപ്പാലം) എന്ന് രേഖപ്പെടുത്തിയതിനാൽ നിർമ്മാണാനുമതി ലഭിച്ചില്ല. നാലുമീറ്റർ വീതിയും 26 മീറ്റർ നീളവുമുള്ള പാലം എങ്ങനെ നടപ്പിലാക്കുമെന്ന് സംശയം ഉന്നയിച്ചാണ് കളക്ടർ ഫയൽ മടക്കിയത്. പിന്നീട് നടപ്പാലം എന്നത് മാറ്റി രേഖപ്പെടുത്തി മാസങ്ങൾ മുമ്പ് നഗരസഭ വീണ്ടും ഫയൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

ദുരിതത്തിലാകുന്നത്

പുഴയ്ക്ക് മറുകരയിലുള്ള നിരവധി കുടുബങ്ങളുടെ സഞ്ചാരമാർഗമാണ് പാലം. ഇതിലൂടെയല്ലാതെ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞു വേണം പ്രദേശവാസികൾക്ക് നഗരത്തിലെത്താൻ. വയോധികരും സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ഈ പാലത്തിൽ കൂടി ദിനംപ്രതി കടന്നു പോകുന്നത്. കാലവർഷം കനക്കുന്നതോടെ വൻ ദുരന്തം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

അനാസ്ഥയിൽ കുടുങ്ങി

എങ്കക്കാട് മേലേതിൽ പാലം തകർന്നത് 2018ലെ പ്രളയത്തിൽ

വാഴാനി പുഴയ്ക്ക് കുറുകെയുള്ള പാലം അലങ്കാർ തിയറ്ററിന് സമീപം

പാലം നിർമ്മിക്കുന്നത് ജലസേചന വകുപ്പിന്റെ ഭൂമിയിൽ

എസ്റ്റിമേറ്റ് കൂടിയതിനാൽ ജലസേചന വകുപ്പ് പിന്നോട്ടുപോയി

നിർമ്മാണത്തിന് 70 ലക്ഷം അനുവദിച്ചത് അനിൽ അക്കര എം.എൽ.എ

ഫയലിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അനിശ്ചിതത്വത്തിൽ