തൃശൂർ: കൊവിഡ് മഹാമാരിക്കിടെ ദേശീയപാതാ വികസനത്തിന് ആഗസ്റ്റിനകം ഭൂമി ഏറ്റെടുത്ത് നൽകാനുള്ള നിർദ്ദേശം ഫലപ്രദമാകില്ലെന്ന് വിലയിരുത്തൽ. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഈമാസം ആദ്യവാരം നടന്ന വീഡിയോ കോൺഫറൻസിലാണ് കളക്ടർമാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുമ്പോഴാണ് കർശന നിർദ്ദേശം വരുന്നത്. ലോക് ഡൗണിനിടെ ആരും പ്രതിഷേധം ഉയർത്തില്ലെന്ന ലക്ഷ്യവും തീരുമാനത്തിനുണ്ടെന്ന് കരുതുന്നവരുണ്ട്. കളിയിക്കാവിള മുതൽ തലപ്പാടി വരെ 600 കിലോമീറ്ററോളം റോഡിനായി 3000 ഏക്കറാണ് വിട്ടുകിട്ടേണ്ടത്. കൊവിഡ് പശ്ചാത്തലത്തിൽ രണ്ടര മാസത്തിനകം ഭൂമി ഏറ്റെടുത്ത് നൽകാനാകില്ലെന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ളത്.
കണ്ടെയ്ൻമെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും ദിനംപത്രി കൂടുമ്പോൾ തുടർ നടപടികൾ എങ്ങനെ സാദ്ധ്യമാകുമെന്നാണ് ഉദ്യോസ്ഥരുടെ ചോദ്യം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽേനാട്ടം വഹിക്കുന്നതിനാൽ പരിധിയുണ്ടെന്നാണ് ചില കളക്ടർമാരും അറിയിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിന് പിന്നാലെ ചാവക്കാട് അണ്ടത്തോട് മേഖലയിൽ സർവേ നടപടിക്രമങ്ങളുമായി പോയ ജീവനക്കാർക്ക് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങേണ്ടിവന്നിരുന്നു.
പുനരധിവാസ പാക്കേജ് ഇല്ല
2013ലെ ഭൂമി വിട്ടുകൊടുക്കൽ ആക്ട് അനുസരിച്ച് പുനരധിവാസം സംബന്ധിച്ച കാര്യത്തിൽ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ഹൈക്കോടതി ഇടപെട്ട് ഭൂമി വിട്ടുകൊടുക്കുന്നവവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടലാസിൽ മാത്രമൊതുങ്ങി. കോടതി വിധി അംഗീകരിച്ച് മാത്രമേ ഇക്കാര്യത്തിൽ സർക്കാരിന് മുന്നോട്ടു പോകാനാകൂ. വിലയ്ക്കൊപ്പം പുനരധിവാസത്തെ കുറിച്ചും അധികൃതർ മൗനം പാലിക്കുകയാണ്.
ജില്ലയിൽ 62 കിലോമീറ്റർ
ചാവക്കാട് കരിക്കാട് മുതൽ കൊടുങ്ങല്ലൂർ മേത്തല വരെ 62 കിലോമീറ്റർ റോഡാണ് വികസിപ്പിക്കേണ്ടത്. ഇതിൽ പലയിടത്തും കല്ലിടൽ പോലും നടത്തിയിട്ടില്ല. ഏറ്റെടുക്കേണ്ട സ്ഥലം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുമില്ല. ഇതിനിടെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജില്ലയിൽ 3ഡി വിജ്ഞാപനം ഉടനുണ്ടാകും.