തൃശൂർ: അതിവേഗ റെയിലിന് (സിൽവർ ലൈൻ) മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും തൃശൂർ അടക്കമുളള കാർഷികമേഖലകളിൽ പദ്ധതി നിലം തൊടാൻ കടമ്പകളേറെ. ജില്ലയിൽ അന്നമനടയ്ക്ക് സമീപം കുമ്പിടി മുതൽ കുന്നംകുളം വരെയുളള കോൾനിലങ്ങളും തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും മറികടന്നു വേണം പാത ഒരുക്കാൻ. വീടുകളും കെട്ടിടങ്ങളും ഒഴിവാക്കാൻ വേണ്ടിയാണിതെങ്കിലും കാർഷിക, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പ്രതിഷേധത്തിന് വഴിതെളിച്ചേക്കും.
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. രണ്ട് പ്രളയങ്ങളും ജില്ലയിൽ കനത്ത ആഘാതമുണ്ടാക്കിയതിനാൽ മണ്ണിനും പാരിസ്ഥിതിക സന്തുലനത്തിനും സംഭവിച്ചേക്കാവുന്ന തിരിച്ചടികളും പഠനവിധേയമാക്കേണ്ടി വരും. നഗരങ്ങളോട് ചേർന്ന് മാത്രമാണ് ആകാശപ്പാത ഉണ്ടാവുക. ചിലയിടങ്ങളിൽ ഭൂഗർഭ വഴികളുമുണ്ടാകും. നിലവിലുളള റെയിൽവേ ലൈനിനോട് ചേർന്ന് ജില്ലയിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് പാതയുണ്ടാവുക. കൊമ്പൊടിഞ്ഞാമാക്കൽ വഴി കല്ലേറ്റുംകര എത്തുമ്പോൾ വീണ്ടും റെയിൽവേ പാതയോട് അടുക്കും. പിന്നീട്, സിൽവർലൈൻ തൃശൂരിലെത്തുന്നത് ഊരകം വഴിയാണ്.
റെയിൽപാത പുതുക്കാടിലൂടെയാണ്. തൃശൂർ റെയിൽവേ സ്റ്റേഷനോടു ചേർന്നാകും സ്റ്റോപ്പ്. വടൂക്കര കഴിഞ്ഞാൽ റെയിൽവേ ലൈൻ ആകാശപ്പാതയാക്കും. നഗരം പിന്നിട്ട് പൂങ്കുന്നം കഴിഞ്ഞാൽ ഭൂമിയിലേക്കിറങ്ങും. പുതിയ സ്റ്റേഷനിൽ നിന്ന് നിലവിലെ സ്റ്റേഷനിലേക്ക് ഇറങ്ങാൻ ലിഫ്റ്റ്, എസ്കലേറ്റർ സംവിധാനങ്ങളുമുണ്ടാകും. പൂങ്കുന്നം കഴിഞ്ഞാൽ നിലവിലെ റെയിൽവേ പാത വടക്കാഞ്ചേരി വഴി ഷൊർണൂരിലേക്കാണെങ്കിൽ, സിൽവർലൈൻ വിയ്യൂർ വഴി കുന്നംകുളം, ചങ്ങരംകുളം, എടപ്പാൾ ദിശയിലേക്കാണ് നീങ്ങുക. തിരൂരിലെത്തുമ്പോൾ മാത്രമാണ് റെയിൽവേ പാതയോട് ചേരുന്നത്. എറണാകുളത്തിനും തിരൂരിനുമിടയിൽ തൃശൂരിലാണ് ഏക സ്റ്റേഷൻ. പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ പാത കടന്നുപോകുന്ന സ്ഥലങ്ങൾ പുറത്തുവിട്ടിരുന്നു.
മറ്റു ദോഷങ്ങൾ
ഉയർന്ന നിരക്കിൽ തിരുവനന്തപുരത്തേക്കും കാസർകോടേക്കും യാത്ര ചെയ്യാൻ കഴിയുന്നവർ ന്യൂനപക്ഷം
കൊവിഡ് വ്യാപനം സൃഷ്ടിക്കുന്ന പ്രവചനാതീതമായ തൊഴിൽസാഹചര്യങ്ങളും സാമ്പത്തിക ആഘാതവും
വീട്ടിലിരുന്നുളള ജോലി സ്ഥിരം യാത്രക്കാരുടെ എണ്ണം കുറച്ചതിനാൽ സ്ഥിരം യാത്രക്കാരെ പ്രതീക്ഷിക്കാനാവില്ല
ഗുണങ്ങൾ
ആയിരങ്ങളുടെ യാത്രാ സൗകര്യത്തിനൊപ്പം ചരക്കു നീക്കത്തിനും പദ്ധതി ഉപകരിക്കും.
എറണാകുളത്തും മലപ്പുറത്തും നെടുമ്പാശേരിയിലും മിനിറ്റുകൾക്കുളളിലെത്താം
വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ വികസനത്തിന് സാദ്ധ്യത.
അതിവേഗം ബഹുദൂരം
സിൽവർലൈനിലൂടെ തിരുവനന്തപുരത്തേക്കു തൃശൂരിൽ നിന്ന് 1.54 മണിക്കൂർ
കാസർകോട്ടേക്ക് 1.57 മണിക്കൂർ
എറണാകുളത്തു നിന്ന് തൃശൂരിലേക്ക് 64 കിലോമീറ്റർ ദൂരം 28 മിനിറ്റിൽ