chicken
kozhi

മാള: വിൽപ്പന കുത്തനെ കുറഞ്ഞതോടെ ഇറച്ചിക്കോഴിക്ക് വിലയിടിഞ്ഞു. കൊവിഡും ലോക് ഡൗണും ഇതരസംസ്ഥാനക്കാരുടെ മടക്കവും നാട്ടിലുള്ളവരുടെ തൊഴിലില്ലായ്മയും ഇറച്ചിക്കോഴി കച്ചവടം കുറയാൻ ഇടയാക്കിയെന്നാണ് കച്ചവടക്കാർ പറയുന്നത്. കാട്ടൂർ മേഖലയിൽ ശനിയാഴ്ച 65 രൂപയ്ക്ക് വരെയാണ് ഇറച്ചിക്കോഴി വിറ്റത്.

മദ്യശാലകൾ തുറന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് 19 ലോക്ക് ഡൗൺ ശക്തമായ അവസരത്തിൽ ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 20 രൂപ വരെയെത്തിയിരുന്നു. ഈ അവസരത്തിൽ തമിഴ്‌നാട്ടിൽ നിന്ന് വന്നിരുന്ന കോഴികൾ പൂർണമായി ഇല്ലാതായി. തുടർന്ന് ആഭ്യന്തര ഉത്പാദനവും ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചതോടെ വില കുതിച്ചുയർന്നു.

ഇത് എല്ലാ പരിധികളും കടന്ന് 160 മുതൽ 165 വരെ എത്തി. തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് വില പിടിച്ചുനിറുത്തി, താങ്ങുവില 150 ആയി നിശ്ചയിച്ചു. തുടർന്നുള്ള 22 ദിവസത്തോളം വില കുറയുന്ന അവസ്ഥയായി. ഒരുവേള 72 രൂപയിലെത്തി. എന്നാൽ ഇന്നലെ അത് ആറ് രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ ആവശ്യക്കാർ ഏറുമെന്നും വില വർദ്ധിക്കുമെന്നുമാണ് കച്ചവടക്കാർ കണക്കുകൂട്ടുന്നത്. വില വർദ്ധിച്ചാൽ ഫാം നടത്തുന്ന കർഷകർക്കും ഇടനിലക്കാരായ കച്ചവടക്കാർക്കും മാത്രമാണ് പ്രയോജനം. സംസ്ഥാനത്ത് ആവശ്യത്തിന് കോഴികളെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇറച്ചിക്ക് വില കുറഞ്ഞുനിന്നാൽ ഫാം നടത്തിപ്പുകാർ പിന്നോട്ടുപോകും. ഇത് ക്ഷാമവും ഉണ്ടാക്കും. ഇന്നത്തെ നിലയിൽ ഫാം നടത്തിപ്പുകാർക്ക് കിലോഗ്രാമിന് 90 രൂപയെങ്കിലും വില കിട്ടിയാലേ നഷ്ടം കൂടാതെ കൊണ്ടുപോകാനാകൂവെന്നാണ് നടത്തിപ്പുകാർ പറയുന്നത്.

...................


വില കുറഞ്ഞാലും കൂടിയാലും കച്ചവടം നടന്നാലേ പ്രയോജനം ഉള്ളൂ. സാധാരണക്കാർക്ക് പണി ഇല്ലാതായതും വിവാഹം അടക്കമുള്ള ആഘോഷങ്ങളും സൽക്കാരങ്ങളും ഇല്ലാതായതും പ്രശ്‌നമായി

ഇ.ടി ജോൺസൺ
പൂപ്പത്തി കച്ചവടക്കാരൻ

..........

വിലയിടിവ് കാരണങ്ങൾ ഇവ

സാധാരണക്കാർക്ക് പണി ഇല്ലാതായി

അതിഥി തൊഴിലാളികൾ പോയി

മദ്യശാല തുറന്നതോടെ പണം മദ്യത്തിനായി ഉപയോഗിക്കുന്നു

വിവാഹം പോലുള്ള ആഘോഷങ്ങളും സൽക്കാരങ്ങളും ഇല്ലാതായി