തൃശൂർ : സങ്കീർണ്ണതകൾ ഏറെയുള്ളതും കേന്ദ്രാനുമതി വേണ്ടതുമായ 1550 വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 6000ൽ പരം പട്ടയങ്ങൾ വിതരണത്തിന് തയ്യാർ. ആഗസ്റ്റിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിൽ ഇവ വിതരണം ചെയ്യും. കേന്ദ്രാനുമതി ലഭിച്ചതിൽ ഇനിയും പട്ടയം നൽകാൻ അവശേഷിക്കുന്നവർക്ക് തടസങ്ങൾ നീക്കി അവ കൈമാറുന്നതിനുളള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമെന്ന് മന്ത്രി എ.സി മൊയ്തീൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംയുക്ത പരിശോധന പൂർത്തിയാക്കി കേന്ദ്രാനുമതിക്കായി അയച്ച 3,140 അപേക്ഷകളിൽ ജി.പി.എസ് സർവേ പൂർത്തിയാക്കുന്നതിന് തിരിച്ചു നൽകിയിട്ടുണ്ട്. ഇതിനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണ്. സമയബന്ധിതമായി ഇത് പൂർത്തിയാക്കും. ഇതിൽ 2245 അപേക്ഷകളിൽ സർവേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ഉടനെ കേന്ദ്രത്തിന് സമർപ്പിക്കും.
പിന്നെയും അവശേഷിക്കുന്ന 900 അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ 300 ൽ പരം വനഭൂമി പട്ടയങ്ങൾ മാത്രം വിതരണം ചെയ്ത സ്ഥാനത്ത് ഒരു വർഷക്കാലയളവിനുളളിൽ 3,800 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുളള നടപടികളാണ് പൂർത്തിയാകുന്നത്. പത്രസമ്മേളനത്തിൽ ചീഫ് വിപ്പ് കെ. രാജൻ, കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ കെ.ജെ റീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ് എന്നിവരും പങ്കെടുത്തു.
വിതരണം ചെയ്യുന്നത്
വനഭൂമി പട്ടയം 1550
ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ 4128
പുറമ്പോക്ക്, സുനാമി കോളനി, മുനിസിപ്പൽ, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളിൽ 238 പട്ടയങ്ങൾ
ജീവനക്കാരെ നിയമിച്ചു
10 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 8 വാഹനങ്ങളും ഈ പ്രവർത്തനങ്ങൾക്ക് മാത്രമായി അനുവദിച്ചു. പട്ടയഫോം വാങ്ങി എഴുതി തയ്യാറാക്കുന്നതിനും നിർദ്ദേശം നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം അധിക പ്രയത്നം നടത്തിയാണ് പട്ടയവിതരണത്തിനുളള നടപടി പൂർത്തീകരിച്ചത്.