ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മാരാംകോട് കോളനിയിലെ 25-ാം ബ്ലോക്കിൽ പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുകയാണ് കാട്ടുങ്ങൽ ബിന്ദു. നാലുസെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേൽക്കൂര മറച്ച ചെറിയ ഷെഡിലാണ് ബിന്ദുവും ആറാം ക്ലാസിൽ പഠിക്കുന്ന കാളിദാസ്, മൂന്ന് വയസുകാരൻ ശ്രീഹരി എന്നിവർ അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. കറന്റില്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കാളിദാസിന്റെ പഠനം. ആറാം ക്ലാസിൽ പഠിക്കുന്ന മകന് ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ മൊബൈൽ ഫോണോ, ടെലിവിഷനോ മറ്റ് സൗകര്യങ്ങളോ ഒരുക്കാൻ ബിന്ദുവിന് കഴിയാത്ത അവസ്ഥയിലാണ്.
വലിയ മഴയും കാറ്റും വന്നാൽ ഏത് സമയവും തകർന്നുവീഴാവുന്ന കൂരയെക്കുറിച്ച് ബിന്ദുവിന് ഭയമാണ്. കൂലിപ്പണി എടുത്ത് കുടുംബം പോറ്റുന്ന ബിന്ദുവിന് വീട് പണിയാനുള്ള കഴിവില്ല. ലോക്ക് ഡൗൺ കാരണം വരുമാനവും നിലച്ചിരിക്കുകയാണ്. ഭയപ്പെടാതെ സ്വന്തം മക്കളെയും കൊണ്ട് കഴിയാൻ കൊച്ചുവീട് മാത്രമാണ് ഈ വീട്ടമ്മയുടെ സ്വപ്നം.
പട്ടികജാതിക്കാരി കൂടിയായ ബിന്ദുവിന് പഞ്ചായത്തിൽ നിന്നോ പട്ടികജാതി വകുപ്പിൽ നിന്നോ സഹായം ലഭിച്ചിട്ടില്ലെന്ന് ബിന്ദു പറയുന്നു. വിവരങ്ങൾക്ക് ഫോൺ: 7034796408.