കാഞ്ഞാണി : കാഞ്ഞാണി വാടാനപ്പിള്ളി സംസ്ഥാനപാതയിൽ മഴ തുടങ്ങിയതോടെ വെള്ളക്കെട്ട് രൂക്ഷം. കാരമുക്ക് സഹകരണബാങ്കിനും കാഞ്ഞാണി പറത്താട്ടി ഷെഡിനും സമീപത്ത് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയാവുകയാണ്. റോഡിന്റെ ഇരുവശത്തും ഡ്രൈനേജ് സംവിധാനമില്ലാത്തതും സ്വകാര്യവ്യക്തികൾ സ്വന്തം ഭൂമി സംരക്ഷിക്കുന്നതിന് റോഡ് സൈഡിൽ മതിൽ കെട്ടുകയും ചെയ്തതോടെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതായി. ഇതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്.
വർഷങ്ങളായി മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥ കാരണം വേണ്ട നടപടികൾ എങ്ങുമെത്തിയിട്ടില്ല. കനത്തമഴയിൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ സംസ്ഥാന പാത മുങ്ങുന്ന അവസ്ഥയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കേണ്ടതാണ്. എന്നാൽ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഇതിനെതിരെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്
...........
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് താത്കാലികമായി അടിയന്തരമായി നടപടി സ്വീകരിക്കും. ചില സ്ഥാപന ഉടമകൾ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുണ്ട്. അതെല്ലാം പൊളിച്ചു നീക്കിയശേഷം വെള്ളം സുഗമമായി സമീപത്തുള്ള കൽവെർട്ടിലേക്ക് ഒഴുക്കി വിട്ട് വെള്ളക്കെട്ട് ഇല്ലാതാക്കാൻ ശ്രമിക്കും
സന്ധ്യ. എക്സി. എൻജിനിയർ
പി.ഡബ്ല്യു.ഡി വലപ്പാട്
............
കാഞ്ഞാണി കണ്ടശ്ശാംകടവ് സംസ്ഥാന പാതയിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് വർഷങ്ങളായി മഴക്കാലത്ത് അനുഭവപ്പെടുന്നത്. വെള്ളം ഒഴുക്കി വിടുന്നതിന് ഇതുവരെ ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇല്ലെങ്കിൽ ബി.ജെ.പി മണലൂർ പഞ്ചായത്ത് കമ്മിറ്റി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് വരും
സിനു കരുവത്ത്
പ്രസിഡന്റ്