kkmramakurip
ചോരുത്ത് കല്ലാറ്റ് രാമ കുറുപ്പിനെ ആദരിക്കുന്നു

കുന്നംകുളം: കലാപ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വച്ച കാട്ടകാമ്പാൽ ചോരുത്ത് കല്ലാറ്റ് രാമക്കുറുപ്പിനെ ആദരിക്കുന്നു. കുന്നംകുളം കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കല്ലാറ്റ് രാമക്കുറുപ്പ് ആദരവ് സമിതിയാണ് സംഭാവനകൾ മാനിച്ച് ആദരം ഒരുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാട്ടകാമ്പാലിലെ രാമക്കുറുപ്പിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ ഒരു ലക്ഷം രൂപയും സ്‌നേഹോപഹാരവും നൽകി ആദരിക്കും. എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ സംബന്ധിക്കും.

തൊണ്ണൂറ് വയസ്സ് പിന്നിട്ട രാമക്കുറുപ്പ് ഇപ്പോൾ വിശ്രമജീവിതത്തിലാണ്. അച്ഛൻ ശേഖര കുറുപ്പ് വഴിയാണ് കല പകർന്നുകിട്ടിയത്. ക്ഷേത്ര കലാ രംഗത്ത് മാത്രമല്ല ജനകീയ കലാരൂപങ്ങളായ നാടകം, കഥാപ്രസംഗം തുടങ്ങിയ രംഗങ്ങളിലും രാമക്കുറുപ്പ് മുൻപ് സജീവമായിരുന്നു. കാട്ടകാമ്പാലിലെ കേരള കലാസമിതിയുടെ മുഖ്യ സംഘാടകൻ കൂടിയായിരുന്ന അദ്ദേഹം. സമിതി നാടകമാക്കിയ മുട്ടത്ത് വർക്കിയുടെ ജവാൻ, തോരാത്ത കണ്ണുനീർ തുടങ്ങിയവയിൽ അഭിനയിച്ചിരുന്നു.

ഡെയ്ഞ്ചർ ലൈറ്റ് എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. ഫെഡറൽ തിയറ്റേഴ്‌സിന് വേണ്ടി നാട്ടുകാരനായ അബൂബക്കറിന്റെ 'ബന്ധനം ഇന്ന് മോചനം നാളെ ' നാടകമാക്കി അതിൽ അഭിനയിച്ചു. പ്രൊഫ. ചുമ്മാർ ചൂണ്ടലിന്റെ നാടകങ്ങളിൽ സ്ത്രീ വേഷം കെട്ടിയതും ശ്രദ്ധേയമായിരുന്നു. രാമകുറുപ്പ് രചിച്ച് അവതരിപ്പിച്ച 'പമ്പാവാസൻ ' എന്ന കഥാ പ്രസംഗവും ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കാർട്ടൂൺ രചനകളിലൂടെയും അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു.

കാട്ടകാമ്പൽ പൂരനാളിലെ കാളിവേഷം

ക്ഷേത്രാചാരങ്ങളോടൊപ്പം അരങ്ങേറുന്ന കലാരൂപങ്ങളിൽ അപൂർവ്വമായ ഒന്നാണ് കാട്ടകാമ്പാൽ പൂരത്തിന് നടക്കുന്ന കാളി - ദാരിക സംവാദം. കൂടിയാട്ടത്തിന്റെയും നാടകത്തിന്റെയും പ്രാക് രൂപമായി ചില രംഗകലാ നിരൂപകർ ഈ കലയെ വിലയിരുത്തുന്നുണ്ട്. തുടർച്ചയായി 50 വർഷത്തോളം കാളി ദാരിക സംവാദത്തിൽ കാട്ടകാമ്പാൽ കാളി വേഷം അണിഞ്ഞത് രാമകുറുപ്പായിരുന്നു. പ്രമുഖ സംവിധായകരായിരുന്ന അരവിന്ദനും ഷാജി എൻ. കരുണനും പകർത്തിയ രാമകുറുപ്പിന്റെ കാളി വേഷം മോസ്‌കോ ഡോക്യുമെന്ററി മേളയിലെ ഇന്ത്യൻ വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.