ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭത്തിന് ശമനമില്ല. ഇന്നലെയും ശക്തമായ തിരകളടിച്ച് വെള്ളം വീടുകളിലേക്ക് കയറി. ആശുപത്രിപ്പടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ജെ.സി.ബി ഉപയോഗിച്ച് കടൽതീരത്തു നിന്നു മണലെടുത്ത് താത്കാലിക തടയണ ഒരുക്കുന്നുണ്ട്.

റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി, മെമ്പർമാരായ വി.എം. മനാഫ്, പി.എ. അഷ്‌കർ അലി, പി.കെ. ബഷീർ, പി.എം. മുജീബ് എന്നിവരുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലൂടെ വെള്ളം അടിച്ചുകയറി പ്രധാനറോഡായ കോർണീഷ് റോഡും കവിഞ്ഞൊഴുകുന്നുണ്ട്.

കടൽക്ഷോഭത്തിന് താത്കാലിക പരിഹാരമായി ജിയോ ബാഗുകൾ സ്ഥാപിക്കണമെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി ആവശ്യപ്പെട്ടു. ശാശ്വത പരിഹാരമായി ശാസ്ത്രീയമായി ഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടപ്പുറം മുനയ്ക്കകടവ് മുതൽ തൊട്ടാപ്പ് വരെയുള്ള തീരത്തെ 200 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.