തൃപ്രയാർ: ഔഷധ സസ്യങ്ങൾ പകർച്ച വ്യാധികളെ തടയും എന്ന കേരള ഗവേഷണ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം കഴിമ്പ്രം രാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഞാറ്റുവേല ആരംഭത്തിൽ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നു. ഇതിനായി ഭക്തജനങ്ങൾക്ക് ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു. കൊവിഡ് 19 ന്റെ ഭാഗമായി ഭക്തജനങ്ങൾക്ക് പ്രസാദം വിതരണമില്ലാത്തതിനാൽ പ്രസാദമായാണ് ഔഷധ സസ്യം വിതരണം ചെയ്തത്.
വിതരണോദ്ഘാടനം തൃശൂർ ഔഷധി കൺസൾട്ടന്റ് ഡോ. കെ.എസ് രജിതൻ നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസ്, വി.എച്ച് ഷാജി എന്നിവർ നേതൃത്വം നൽകി. കൂവളം, പാണൽ, ശതാവരി, ചായമൻസ, കറിവേപ്പ്, പ്ലാവ്, മാവ്, ചിറ്റമൃത് എന്നിവയാണ് വിതരണം ചെയ്തത്.