vs-sunil-kumar

തൃശൂർ: തൃശൂർ നഗരസഭയിൽ കഴിഞ്ഞ 15 നു ചേർന്ന കൊവിഡ് പ്രതിരോധ അവലോകന യോഗത്തിൽ പങ്കെടുത്ത മന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെ 18 പേർ ക്വാറന്റൈനിൽ പോകാൻ മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ചു. മേയർ അജിത ജയരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ എന്നിവരും ക്വാറന്റൈനിൽ കഴിയണം. യോഗത്തിൽ പങ്കെടുത്തിരുന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥയ്ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദ്ദേശം.

പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന,​ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസത്തേക്ക് വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന ആറു പേർ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിലും തുടർന്നുള്ള 14 ദിവസം നിരീക്ഷണത്തിലും ആയിരിക്കണം. ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി തന്നെ മന്ത്രി വി.എസ്. സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലിരുന്നു തന്നെ ഓൺലൈൻ വഴി ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കും. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. മാസ്‌ക്, കയ്യുറ ഉൾപ്പെടെ ധരിച്ച് സുരക്ഷാ മുൻകരുതലുകളോടെയാണ് യോഗത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.