jail

തൃശൂർ : റിമാൻഡ് പ്രതികളുടെ പരിശോധനാ ഫലം വൈകുന്നതും കൊവിഡ് സ്ഥിരീകരിക്കുന്നതും ജയിലധികൃതരെ ദുരിതത്തിലാക്കുന്നു. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം ഏറെ ബുദ്ധിമുട്ടിലാണ് ജയിലധികൃതർ. അതിനിടയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ക്രമീകരണം ദുരിതം വർദ്ധിപ്പിക്കുന്നത്.

പൊലീസ് പിടികൂടുന്ന പ്രതികളെ കോടതി നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുള്ള പ്രത്യേക കേന്ദ്രത്തിൽ പാർപ്പിച്ച ശേഷം സ്രവ പരിശോധനാ ഫലം നെഗറ്റീവായാൽ ജില്ലാ ജയിലിലെ കൊവിഡ് ജയിലിലേക്ക് മാറ്റുകയാണ് ചെയ്യുക. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവരെ മറ്റ് തടവുകാർക്കൊപ്പം പാർപ്പിക്കുന്നത്. നിരീക്ഷണ കേന്ദ്രത്തിൽ ആർക്കെങ്കിലും പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഇവിടെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കേണ്ടി വരും.

എന്നാൽ നിലവിൽ ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധി നേരിടുന്ന അധികൃതർ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ച കാട്ടൂർ പൊലീസ് പിടികൂടിയ ഒരു പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് ജയിലുദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ഇവർ ഇനി തിരിച്ചെത്തണമെങ്കിൽ സ്രവ പരിശോധനാ റിപ്പോർട്ട് ലഭിക്കണം. ഇതോടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. നിലവിൽ റിട്ടയർ ചെയ്ത മിലിട്ടറി ഉദ്യോഗസ്ഥരെ നിയമിച്ചാണ് പരിഹാരം കാണുന്നത്. പൊലീസ് പിടികൂടുന്ന പ്രതികളെ കൊവിഡ് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ജയിലധികൃതർക്ക് കൈമാറിയാൽ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന വിലയിരുത്തലും ഉണ്ട്.

എന്നാൽ പ്രതിയെ പിടികൂടി 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കി നടപടി സ്വീകരിക്കണമെന്ന് നിയമം ഉള്ളതിനാൽ ഈ നിർദ്ദേശം നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു.

നിരീക്ഷണ കേന്ദ്രത്തിലും പ്രശ്‌നങ്ങളേറെ


പ്രതികളെ പാർപ്പിക്കുന്നതിനായി 20 മുറികളുള്ള ഒരു കേന്ദ്രമാണ് അനുവദിച്ചത്. ഇതെല്ലാം തന്നെ വാതിലുകൾ ഉള്ളതും സൗകര്യ പ്രദവുമാണ്. ജയിലുകളിൽ അഴിക്കുള്ളിലാകുമ്പോൾ ഇവരുടെ ചലനം നിരീക്ഷിക്കാൻ സാധിക്കും. എന്നാൽ ഇവിടെ ഇതിന് സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം ഒരു റിമാൻഡ് പ്രതി മുറിക്കുള്ളിലെ കണ്ണാടി പൊട്ടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

പരിശോധനാ ഫലം വൈകുന്നു


റിമാൻഡ് പ്രതികളുടെ സ്രവ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതും ജയിലധികൃതരെ വലയ്ക്കുന്നുണ്ട്. നേരത്തെ രണ്ടും മൂന്നും ദിവസത്തിനുള്ളിൽ ലഭിച്ചിരുന്നത് ഇപ്പോൾ ചില അവസരങ്ങളിൽ ആറ് ദിവസം വരെ എടുക്കുന്നു. ഇന്നലെ എട്ട് പേരുടെ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണ കേന്ദ്രത്തിലെ പ്രതികളുടെ കണക്ക്


ആകെ റിമാൻഡ് പ്രതികൾ 16
പുരുഷന്മാർ 15
സ്ത്രീ 1

ജില്ലാ ജയിലിലെ അസി. പ്രിസൺ ഓഫീസർമാരുടെ (വാർഡൻമാർ) എണ്ണം
ആകെ വേണ്ട 28 പേർ
നിലവിൽ ഉള്ളത് 11
താത്കാലിക നിയമനത്തിലൂടെ ഉള്ളത് 9

...........


സെൻട്രൽ ജയിലിൽ കോടതി നിർദ്ദേശ പ്രകാരം നിരവധി പേർക്ക് പരോൾ അനുവദിച്ചതോടെ ജയിലിനുള്ളിലെ അന്തേവാസികളുടെ എണ്ണം കുറഞ്ഞത് മൂലം ഏറെ ആശ്വാസകരമാണ്. കൊവിഡ് പ്രതിരോധ നടപടി ക്രമങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുന്നത്


നിർമ്മലാനന്ദൻ നായർ

വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്