kofa
police academy,

തൃശൂർ: പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച പല്ലശ്ശന കൂടല്ലൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ തൃശൂരിൽ നിരവധി സ്ഥലങ്ങളിൽ പാേയതിനാൽ ആശങ്കയൊഴിയാതെ പൊലീസ് സേന. പൊലീസുകാരന് രോഗം എവിടെ നിന്ന് കിട്ടിയെന്നതിനും സ്ഥിരീകരണമില്ല. ക്വാറന്റൈൻ ജയിലിൽ നിന്ന് റിമാൻഡ് പ്രതികളെ സബ് ജയിലിലേക്കു മാറ്റാൻ എസ്കോ‍ർട്ട് പോയതിനിടയിലാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

ജോലിയുടെ ഭാഗമായി കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലും വീട്ടിലും കോയമ്പത്തൂരിലെ ബന്ധു വീട്ടിലും ഗാർഡ് ആയി തൃശൂർ ഡി.ഐ.ജി ഓഫീസിലും എ.ആർ ക്യാമ്പിലും ലാലൂർ ക്വാറന്റൈൻ ജയിലിലുമെല്ലാം പൊലീസുകാരൻ പോയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച, കാട്ടൂർ പൊലീസ് പിടികൂടിയ പ്രതി ലാലൂരിലാണ്. കഴിഞ്ഞ 11 നാണ് രോഗം സ്ഥിരീകരിച്ചത്. മേയ് എട്ടിനാണ് സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.

റിമാൻഡ് ചെയ്തതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പൊസിറ്റീവായത്. അവിടെ സുരക്ഷാ ചുമതലയ്ക്കായി പൊലീസുകാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കുകയായിരുന്നു. പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയൻ സേനാംഗമായ പൊലീസുകാരൻ നിലവിൽ തൃശൂർ എ.ആർ ക്യാമ്പിലാണ്. ജയിലിലേക്ക് കൊണ്ടുപോകേണ്ടവരെ ക്വാറന്റൈൻ ജയിലിൽ പാർപ്പിച്ച് സ്രവ പരിശോധനയിൽ നെഗറ്റീവ് ആയവരെ മാത്രമാണ് ജയിലിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിൽ നെഗറ്റീവ് ആയ മൂന്ന് പ്രതികളെ ജയിലിലേക്കു കൊണ്ടുപോകാൻ കൊവിഡ് ബാധിച്ച പൊലീസ് ഓഫിസർ എത്തിയിരുന്നു.

പ്രതികൾക്ക് അകമ്പടി പോയ ശേഷമാണ് ഇദ്ദേഹം തൃശൂർ ഡി.ഐ.ജി ഓഫിസിൽ ഗാർഡ് ഡ്യൂട്ടി ചെയ്തത്. മൂന്ന് പ്രതികളും നെഗറ്റീവ് ആയിരുന്നെങ്കിലും ഇവിടെ ഉണ്ടായിരുന്ന മറ്റൊരു തടവുകാരന് പൊസിറ്റിവ് സ്ഥിരീകരിച്ചപ്പോൾ ഇദ്ദേഹമടക്കം 5 പൊലീസുകാരോട് നിരീക്ഷണത്തിലിരിക്കാൻ ഡി.ഐ.ജി ഓഫിസിൽ നിന്നും ആവശ്യപ്പെടുകയായിരുന്നു. 11 മുതൽ പൊലീസുകാരൻ നിരീക്ഷണത്തിലായിരുന്നു.

പരാതികളേറെ

അവധിയില്ലാതെ രാവും പകലും ജോലി ചെയ്യേണ്ടതിനാൽ പൊലീസുകാർക്ക് മാനസികസമ്മർദ്ദം

പ്രതികളെ പിടികൂടാനും കേസ് അന്വേഷണത്തിനും പി.പി.ഇ കിറ്റോ ഗ്ളൗസോ ലഭ്യമാക്കുന്നില്ല

ടെലിവിഷൻ ഇല്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് കണക്കെടുക്കാനുളള നിർദ്ദേശത്തിലും അമർഷം

ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മാറി മാറി ജോലി ചെയ്യുന്ന പൊലീസുകാർക്ക് പരിശോധനയില്ല

പരിശീലനവും താളം തെറ്റി

രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ എസ്.ഐമാരുടെ പരിശീലനം മാത്രമാണ് നടക്കുന്നത്. മറ്റുള്ളവർക്ക് ഒാൺലൈൻ ക്ളാസാണ്. വീടുകളിലിരുന്നാണ് ക്ളാസുകളിൽ പങ്കെടുക്കുന്നത്. മദർസ്റ്റേഷനുകളിൽ പരിശീലനമുണ്ടെങ്കിലും ശാരീരിക പരിശീലനം മുടങ്ങി.