ചാലക്കുടി: ഒന്നര വർഷമായി നിലച്ച ദേശീയ പാതയിലെ അടിപ്പാത നിർമ്മാണം പുനരാരംഭിച്ചു. ഉപകരാറുകാരായ എറണാകുളത്തെ യൂണിക്, ടി.ബി.എൽ ഏജൻസികൾക്കാണ് നിർമ്മാണച്ചുമലത. ഇടനിലക്കാരായ കെ.എം.എസി കമ്പനിയെ ഒഴിവാക്കിയാണ് പുതിയ നീക്കം.
ദേശീയപാത അതോറിറ്റിയിൽ നിന്നും കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ.എം.എസിയെ ഒഴിവാക്കിയത്. ഈ തീരുമാനം സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതുവരെ നടന്ന പ്രവൃത്തികൾക്കായി ദേശീയപാത അതോറിറ്റി നൽകിയ തുക കൃത്യമായി ഉപകരാറുകാർക്ക് ലഭിക്കാത്തതാണ് പുതിയ തീരുമാനത്തിന് വഴിവച്ചത്.
ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിന് ദേശീയപാത അതോറിറ്റി നൽകിയ അഞ്ച് കോടി രൂപ കെ.എം.സിക്ക് കൈമാറിയെങ്കിലും യൂണിക് കമ്പനി അടക്കമുള്ള ഉപകരാറുകാർക്ക് 50 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി നാലരക്കോടി രൂപ കെ.എം.സി കൈവശം വച്ച് പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.
ചെലവഴിച്ച 70 ലക്ഷം രൂപ കിട്ടിയാൽ ഉടൻ പണി തുടങ്ങാമെന്ന് ഏപ്രിൽ 30ന് കളക്ടർ എസ്. ഷാനവാസ് വിളിച്ച യോഗത്തിൽ യൂണിക് ഏജൻസി പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് യോഗത്തിൽ സംബന്ധിച്ച ബെന്നി ബെഹന്നാൻ എം.പിയും നിർദ്ദേശിച്ചു. കെ.എം.സിയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ബി.ഡി. ദേവസി എം.എൽ.എയുടെ ആവശ്യം.
15 ദിവസത്തിനകം നിർമ്മാണം പുനരാരംഭിക്കുമെന്നാണ് ജി.ഐ.പി.എൽ ജനപ്രതിനിധികൾക്കും കളക്ടർക്കും ഉറപ്പും നൽകിയത്. കെ.എം.സിയെ ഒഴിവാക്കുന്ന പ്രവർത്തനങ്ങൾ വൈകിയത് മൂലം നിർമ്മാണവും വൈകി. കമ്പികളുടെ തുരുമ്പുമാറ്റലും കോൺക്രീറ്റിംഗിനായി ഇവയെ ക്രമീകരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. തുടർച്ചയായ പ്രവർത്തനം ഇനിമുതൽ ഉണ്ടാകുമെന്നാണ് ലഭിച്ച വിവരം.
ശക്തമായ മഴ അവസാനിക്കുന്നതോടെ അടിപ്പാതയുടെ കാതലായ ഭാഗങ്ങളുടെ കോൺക്രീറ്റിംഗ് ആരംഭിക്കും. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 24 കോടി രൂപയാണ് മുരിങ്ങൂർ ഡിവൈൻ നഗർ മാതൃകയിലെ അടിപ്പാതയുടെ നിർമ്മാണച്ചെലവ്. ജി.ഐ.പി.എല്ലിന്റെ ബിനാമി കമ്പനിയാണ് കെ.എം.സി എന്നതും ജനപ്രതിനിധികളെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും ഇത്തവണ ചാലക്കുടിക്കാരുടെ ഏറ്റവും പ്രധാന ആവശ്യം നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം.
അടിപ്പാത നിർമ്മാണം
അടിപ്പാത നിർമ്മാണത്തിൽ നിന്ന് കെ.എം.സിയെ ഒഴിവാക്കി
നിർമ്മാണച്ചുമതല യൂണിക്, ടി.ബി.എൽ ഏജൻസികൾക്ക്
അഞ്ചുകോടിയിൽ നിന്നും ഉപകരാറുകാർക്ക് കിട്ടിയത് 50 ലക്ഷം
നിർമ്മാണം തുടങ്ങാമെന്ന ഉറപ്പ് ഏപ്രിൽ 30ന് നടന്ന യോഗത്തിൽ
ഇപ്പോൾ നടക്കുന്നത് കമ്പികളുടെ തുരുമ്പുമാറ്റലും ക്രമീകരിക്കലും
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണച്ചെലവ് 24 കോടി രൂപ
ജി.ഐ.പി.എല്ലിന്റെ ബിനാമിയാണ് കെ.എം.സി എന്നതിൽ ആശങ്ക