തൃശൂർ: പെരിങ്ങോട്ടുകര കരുവേലി വീട്ടില്‍ അജിത്തിന്റെ ഭാര്യ ശ്രുതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.ഐ തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏഴ് വര്‍ഷത്തോളം പ്രണയിച്ച ശേഷം വിവാഹം കഴിച്ച വധു വിവാഹം കഴിഞ്ഞ് പത്തൊന്‍പതാം ദിവസം ആത്മഹത്യ ചെയ്തു എന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. മരണപ്പെട്ട ശേഷം 38 ദിവസം കഴിഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ശ്രുതിയുടെ മരണം കൊലപാതകമാണെന്നത് മറച്ചു വയ്ക്കാനുള്ള ആസൂത്രിതമായ നടപടികളുണ്ടായിട്ടുള്ളതായി അറിയുന്നു. കേസ് അന്വേഷിച്ച അന്തിക്കാട് എസ്.എച്ച്.ഒ മനോജ് കുമാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും മനോജ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് അധികൃതരോട് ആവശ്യപ്പെട്ടു. കെ.വി.വസന്തകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എന്‍ ജയദേവന്‍, കെ.പി രാജേന്ദ്രന്‍, എ.കെ ചന്ദ്രന്‍, കെ.കെ വത്സരാജ് എന്നിവര്‍ പങ്കെടുത്തു.