തൃശൂർ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കോർപറേഷൻ ഭരണ നേതൃത്വത്തിന്റെ ജാഗ്രത കുറവുണ്ടായെന്ന പ്രതിപക്ഷ ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളെന്ന് പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു. ജാഗ്രത പാലിക്കണമെന്ന ആവശ്യത്തെ പുച്ഛിച്ച് തള്ളാനും വായടപ്പിക്കാനുമുള്ള പരിഹാസ്യമായ സമീപനമാണ് ഭരണ നേതൃത്വത്തിൽ നിന്നുണ്ടായത്. നാല് തൊഴിലാളികൾക്കും കുടുംബശ്രീ ഓഫീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും സെക്രട്ടറി ഉൾപ്പടെ നിരീക്ഷണത്തിൽ പോയിട്ടും അവരെല്ലാമായി അടുത്തിടപഴകിയ മേയർ ഉൾപ്പടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാതിരുന്നതിൽ സാമൂഹികമായ ഉത്തരവാദിത്വമില്ലായ്മയാണ് കണ്ടത്. ആരോഗ്യവിഭാഗം സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും സ്വയം ക്വാറന്റൈൻ സ്വീകരിക്കാൻ മന്ത്രി സുനിൽകുമാർ തയ്യാറായത് കൊണ്ട് മാത്രമാണ് മേയറും, ഡെപ്യൂട്ടി മേയറും നിരീക്ഷണത്തിലിരിക്കാൻ തയ്യാറായത്. കോർപറേഷനിൽ ജാഗ്രത കുറവുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടികാണിച്ചപ്പോൾ അത് മുഖവിലക്കെടുത്തിരുന്നുവെങ്കിൽ ഈ അവസ്ഥയിൽ എത്തില്ലായിരുന്നുവെന്നും രാജൻ.ജെ.പല്ലൻ പറഞ്ഞു.