കാഞ്ഞാണി: താനാപാടം 16ാം വാർഡിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി. ജയന്തി പത്യാലറോഡ് സൈഡിലുള്ള കുളത്തിൽ കക്കൂസ് മാലിന്യം സാമൂഹ്യവിരുദ്ധർ ഒഴുക്കിയതായി പരാതി. മൂന്ന് വർഷമായി മഴക്കാലത്ത് ഈ കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നതായി ആരോഗ്യവകുപ്പിനും പൊലീസിനും മണലൂർ പഞ്ചായത്തിനും മുമ്പാകെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഷിജിൽ പാലക്കാടി, ജോസഫ് കെ.കെ.എന്നിവരുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. കുളത്തിൽ നിന്നുള്ള ദുർഗന്ധവും, മഴ പെയ്യുമ്പോൾ മാലിന്യം കവിഞ്ഞൊഴുകുന്നത് പരിസരവാസികളെയും, യാത്രക്കാരെയും ദുരിതത്തിലാഴ്ത്തുകയാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ മാലിന്യം കലരാനുള്ള സാദ്ധ്യതയുമേറെയാണ്.