തൃശൂർ: കേരളത്തിലെ ലാ കോളേജുകളിലെ 2019- 20 വർഷത്തെ 30 എൽ.എൽ.എം സീറ്റുകൾ നഷ്ടമായേക്കും.
സംസ്ഥാനത്ത് ആകെ 136 സീറ്റുകളാണ് എൽ എൽ.എം കോഴ്‌സിനുള്ളത്. പരീക്ഷാ കമ്മിഷണറുടെ ഫെബ്രുവരി ഒന്നിലെ നോട്ടിഫിക്കേഷൻ പ്രകാരം തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് മാർച്ച് 19 വരെ രണ്ട് അലോട്ട്‌മെന്റിലായി 106 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഒഴിവുള്ള സീറ്റുകൾ സംബന്ധിച്ച വിവരം പ്രവേശന കമ്മിഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി മാർച്ച് 20ന് പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഒഴിവുള്ള 30 സീറ്റുകൾ നികത്തുന്നത് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. മാർച്ച് 23 മുതൽ ലോക് ഡൗണായതിനാൽ, പ്രവേശനം സംബന്ധിച്ച നടപടികൾ പ്രസിദ്ധീകരിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തില്ല. എന്നാൽ പരീക്ഷാ കമ്മിഷണറുടെ 201920 നോട്ടിഫിക്കേഷനോടൊപ്പമുള്ള പ്രോസ്‌പെക്ട്‌സിൽ ഈ വർഷത്തെ ഒന്നാം വർഷ കോഴ്‌സിലെ ഒഴിവുകൾ മാർച്ച് 30ന് ശേഷം നികത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ചാണെങ്കിൽ , ഒന്നാം വർഷ എൽ എൽ.എമ്മിലെ 30 സീറ്റുകൾ നഷ്ടമാവും.
'മാർച്ച് 30ന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തരുതെന്ന നിർദ്ദേശം തിരുത്തണം. എൽ എൽ.ബി റിസൽട്ട് വരുന്നതിന് മുമ്പേ പരീക്ഷാ കമ്മിഷണർ എൽ എൽ.എം പ്രവേശനത്തിനുള്ള വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ എൽ എൽ.എം കോഴ്‌സിൽ ചേരാനുള്ള അവസരം നഷ്ടപ്പെടരുത്.
- അഡ്വ. സാം സഖറിയാസ് ഡി. തറയിൽ സിയോൺ ലാ ചേമ്പർ അയ്യന്തോൾ, തൃശൂർ.