വടക്കാഞ്ചേരി: വാഴാനി പുഴയുടെ തീരങ്ങളിൽ ഇനി മുതൽ മുളങ്കൂട്ടങ്ങളുടെ സംഗീതം കേൾക്കാം. വടക്കാഞ്ചേരി നഗരസഭാ പരിധിയിലൂടെ കടന്നു പോകുന്ന 9.18 കിലോമീറ്റർ പുഴയുടെ ഇരുവശവും മുളകൾ വച്ച് പിടിപ്പിക്കുന്ന ഹരിതവത്കരണത്തിന് തുടക്കം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വിവിധയിനം മുളകളും മറ്റ് പുഴയിൽ വളരുന്ന സസ്യങ്ങളുമാണ് വച്ച് പിടിപ്പിക്കുന്നത്.

വടക്കാഞ്ചേരി പുഴമ്പാലത്തിന് സമീപം നടന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ മുള തൈ നട്ട് നിർവ്വഹിച്ചു. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, കെ.എഫ്.ആർ.ഐ ഡയറക്ടർ ശ്യാം വിശ്വനാഥ്, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, സിന്ധു സുബ്രമണ്യൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ എന്നിവർ പങ്കെടുത്തു.