ചാലക്കുടി: ചാലക്കുടിയിൽ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മറ്റൊരാൾ കുവൈറ്റിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നയാളുമാണ്. ആനമല ജംഗ്ഷനിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബംഗാളുകാരായ രണ്ടു യുവാക്കളുടെ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു. ഇവിടത്തെ ഒരു യുവാവിന് ഞായറാഴ്ചയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വൈദ്യുതി ബോർഡിന്റെ ടവറുകൾ സ്ഥാപിക്കുന്ന ജോലിക്കായി എത്തിയതാണ് 30 അംഗ സംഘം. പരിയാരം പഞ്ചായത്തിൽ തൂമ്പാക്കോട്ടാണ് കുവൈറ്റിൽ നിന്നെത്തിയാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ പരിയാരം പഞ്ചായത്തിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായി. കോടശേരി പഞ്ചായത്തിൽ നിലവിൽ നാലു രോഗികളാണുള്ളത്. ചാലക്കുടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സ്രവ പരിശോധന നടത്തിയ എട്ടുപേർക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു.