തൃശൂർ: ജനാധിപത്യ സമിതിയെ ഉദ്യോഗസ്ഥ സമിതിയാക്കിയതിനെതിരെ കാർഷിക സർവകലാശാലയിൽ അദ്ധ്യാപക അനദ്ധ്യാപക തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ജനാധിപത്യ സമിതിയായ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളെ ഒഴിവാക്കിയാണ് ഉദ്യോഗസ്ഥ സമിതിയാക്കി തരംതാഴ്ത്തിയത്.

കൊവിഡിനെ തുടർന്ന് സർക്കാരിനോടോ, നിയമ വിദഗ്ദ്ധരോടോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ച് തിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു സർവ്വകലാശാല. ഈ തീരുമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ വിശദീകരണം ചോദിച്ച് സർക്കാരിന് കത്തയച്ചത് ജൂൺ 10ന്. ജനറൽ കൗൺസിലിന്റെ മൂന്നു വർഷ കാലാവധി 17 ന് അവസാനിക്കുമെന്നറിയാവുന്ന സർവ്വകലാശാല തെരെഞ്ഞെടുപ്പിനായി കരട് വോട്ടർ പട്ടിക തയ്യാറാക്കാൻ ഫെബ്രുവരിയിൽ നടപടി സ്വീകരിച്ചെങ്കിലും മേയ് 18ന് മാത്രമാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

കോളേജുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥി മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് തൊഴിലാളി, അദ്ധ്യാപക അനദ്ധ്യാപക മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് മനപ്പൂർവ്വം വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും എംപ്ലോയീസ് അസോസിയേഷനും, ടീച്ചേഴ്സ് ഓർഗനൈസേഷനും, ഫാം വർക്കേഴ്‌സ് യൂണിയനും ആരോപിച്ചു.

സർവകലാശാലയുടെ താത്പര്യം ജനറൽ കൗൺസിലിനെ ഉദ്യോഗസ്ഥ സമിതിയായി തരം താഴ്ത്തുന്നതിനാണെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി പറഞ്ഞു. പ്രതിഷേധ പ്രകടനത്തിൽ ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. പി.കെ. സുരേഷ്‌കുമാർ, ഫാം വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു.