തൃശൂർ: ആരോഗ്യവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥയ്ക്ക് അടക്കം കൊവിഡ് സ്ഥിരീകരിക്കുകയും മന്ത്രിയും മേയറും ഡെപ്യൂട്ടി മേയറും അടക്കം 18 പേർ വീടുകളിൽ നിരീക്ഷണത്തിലാകുകയും ചെയ്തത് ജാഗ്രതക്കുറവ് കൊണ്ടാണെന്ന് ആക്ഷേപം ശക്തമായിരിക്കെ, കോർപറേഷനിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി ഭരണനേതൃത്വം.
കോർപറേഷൻ ഓഫീസിലേക്ക് കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. ഇനി, കൗൺസിൽ യോഗങ്ങളടക്കം, കോർപറേഷൻ ഓഫീസിൽ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ കൂട്ടംകൂടേണ്ട സാചഹര്യങ്ങളെല്ലാം ഒഴിവാക്കാൻ ധാരണയായിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിനായി ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ജൂൺ വരെ ആറ് കൗൺസിൽ യോഗങ്ങൾ നടത്തിയത് തന്നെ യാതൊരു ഗൗരവവുമില്ലാതെ രോഗവ്യാപനത്തെ കണ്ടതുകൊണ്ടാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് യോഗങ്ങളെല്ലാം നടത്തിയതെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി.
നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസികളെ സഹായിക്കാൻ നിയോഗിച്ചിരുന്ന കോർപറേഷനിലെ നാല് ശുചീകരണത്തൊഴിലാളികൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് കോർപറേഷൻ ഭരണനേതൃത്വം പ്രതിസന്ധിയിലായത്. ശുചീകരണ തൊഴിലാളികളിൽ ഒരാളുമായി ഇടപഴകിയ കുടുംബശ്രീ മെമ്പർ സെക്രട്ടറിക്ക് തൊട്ടുപിന്നാലെ രോഗം സ്ഥിരീകരിച്ചു. ഈ മെമ്പർ സെക്രട്ടറിയിൽ നിന്നാണ് ആരോഗ്യവിഭാഗം സൂപ്രണ്ടിലേക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
സമ്പർക്കത്തിലൂടെ ആപത് സൂചന
കഴിഞ്ഞ 13 ന്, സമ്പർക്കത്തിലൂടെ ഒറ്റ ദിവസം 14 പേർക്ക് കൊവിഡ് പിടിപെട്ടതോടെ കോർപറേഷനിലെ പ്രതിസന്ധി ഗുരുതരമായി. തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെ ഡിവിഷനുകളും 41 ഡിവിഷനും ഹോട്ട് സ്‌പോട്ടായി. കോർപറേഷൻ പരിധിയിലെ കുരിയച്ചിറ സെൻട്രൽ വെയർഹൗസ് ഗോഡൗണിലെ നാല് ചുമട്ട് തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അതിന് മുൻപ് കോർപറേഷന്റെ ഒല്ലൂർ മേഖലാ ഓഫീസിലെ നാല് ശുചീകരണ തൊഴിലാളികളും കൊവിഡ് ബാധയിലായി. കോർപറേഷനിലെ പ്രധാന ഓഫീസിലും മേഖല ഓഫീസിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി.
മൊത്തം ജീവനക്കാർ: 900 ലേറെ
കൗൺസിലർമാർ: 55
പ്രതിപക്ഷ ആരോപണങ്ങൾ:
കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള ഡിവിഷനുകളിലെ ജനപ്രതിനിധികളും ജാഗ്രത പാലിച്ചില്ല
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കൊവിഡ് പ്രോട്ടോക്കോൾ ഏർപ്പെടുത്താൻ ഭരണകൂടം തയ്യാറായില്ല.
സാമൂഹിക അകലമോ മാസ്‌കോ ഇല്ലാതെ കോർപറേഷൻ കൗൺസിലും അവലോകന യോഗങ്ങളും നടത്തി
ഭരണപക്ഷത്തിന്റെ മറുപടി:
കൊവിഡ് പ്രതിരോധത്തിൽ കോർപറേഷന് ജാഗ്രതക്കുറവോ വീഴ്ചയോ സംഭവിച്ചിട്ടില്ല.
ലോക് ഡൗണിൽ ഇളവിൽ നിയന്ത്രണം കുറഞ്ഞെങ്കിലും പിന്നീട് നടപടികൾ കർശനമാക്കി
കൊവിഡ് പ്രതിരോധമാർഗങ്ങൾ അവലംബിച്ചും പ്രോട്ടോക്കാേൾ പ്രകാരവുമായിരുന്നു യോഗങ്ങൾ