kayar-bhoovasthram
കുറുമാലിപുഴയുടെ വശങ്ങളിൽ കയർഭൂവസ്ത്രം വിരിക്കുന്നു

കൊടകര: 2018ലെ പ്രളയത്തിൽ കുറുമാലിപ്പുഴ ഗതിമാറി ഒഴുകിയതിനെത്തുടർന്ന് ഓടൻ കടവിൽ രൂപപ്പെട്ട മൺതിട്ടകളും പുഴയിലേക്ക് വീണ മരങ്ങളും നീക്കം ചെയ്തു. യുവാക്കളുടെ കൂട്ടായ്മയായ വരന്തരപ്പിള്ളി യൂണിറ്റ് ഫോഴ്‌സ് യന്ത്രസഹായമില്ലാതെയാണ് ഒഴുകുന്ന പുഴയിൽ നിന്നും മരങ്ങളും മണ്ണും മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴയിൽ സ്ഥാപിച്ചിരുന്ന താത്കാലിക മൺചിറകളും പൊട്ടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഭൂരിഭാഗം മരങ്ങളും മൺതിട്ടകളും ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. അതിവർഷം വരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തിയത്.

..........

വശങ്ങളിൽ കയർഭൂവസ്ത്രം വിരിച്ചു
കുറുമാലിപുഴയുടെ വശങ്ങളിൽ ജൈവമാർഗങ്ങൾ അവലംബിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കയർഭൂവസ്ത്രം വിരിച്ചു. പുഴയിലെ ജലനിരപ്പ് ഉയർന്നാൽ നാശനഷ്ടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രീതി നടപ്പാക്കുന്നത്. മറ്റത്തൂർ പഞ്ചായത്തിലെ 19-ാം വാർഡിലെ ഓടൻ കടവിലും സമീപത്തുമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടത്തുന്നത്. 826 തൊഴിൽ ദിനങ്ങളാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 60 മീറ്റർ നീളത്തിൽ ഭൂവസ്ത്രം ഒരുക്കും. 4 അടി ഉയരം മുകളിൽ 2 അടി വീതിയുമുണ്ട്. ഉറപ്പിനായി മുളംകുറ്റി അടിച്ചശേഷമാണ് മണ്ണിടുന്നതും കയർ വിരിക്കുന്നതും. കൂടാതെ ഇരുവശത്തം പുല്ല് നട്ട് പിടിപ്പിക്കുന്നുണ്ട്.