spinning-mills
തൃശൂർ സ്പിന്നിംഗ് മില്ലിൻ്റെ തരിശ് നിലത്ത് സുഭിക്ഷ കേരളത്തിൻ്റെ കൃഷി

തൃശൂർ: മൂന്നര പതിറ്റാണ്ടായി തരിശായിക്കിടന്ന തൃശൂർ സ്പിന്നിംഗ് മില്ലിന്റെ ഒന്നര ഏക്കർ സ്ഥലത്ത് സുഭിക്ഷ കേരളത്തിന്റെ വിളവെടുപ്പ്. കഴിഞ്ഞ രണ്ട് മാസക്കാലത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഒന്നയേക്കറിൽ നിറയെ തളിർത്ത ചീരയും, തഴച്ചു വളർന്ന വെണ്ടയും, മുളകും കപ്പയും കോവലും മത്തനുമെല്ലാം. വടക്കാഞ്ചേരിക്കടുത്ത് വാഴാനിയിലെ ഈ സ്ഥലത്ത് നിന്നും 30 കിലോയോളം ചീര വിളവെടുത്തതിന്റെ സംതൃപ്തിയിലാണ് ജീവനക്കാർ.

ആസന്നമായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് സർക്കാർ രൂപം നൽകിയ 'സുഭിക്ഷ കേരളം' പദ്ധതിപ്രകാരമാണ് സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ രണ്ട് മാസം മുമ്പ് വിത്തിറക്കിയത്. മൃഗങ്ങളുടെയും പക്ഷികളുടെയും ശല്യമടക്കം വെല്ലുവിളികൾ ഒട്ടേറെ യായിരുന്നു. അതൊന്നും വകവയ്ക്കാതെ മണ്ണിലിറങ്ങി. തരിശ് ഭൂമി ഇനി വെറുതെയാകരുതെന്ന ചിന്ത മാത്രമായിരുന്നു മുഴുവൻ ജീവനക്കാരുടെയും മനസ്സിൽ.

കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ ജൈവ രീതിയായിരുന്നെങ്കിലും മികച്ച വിളവാണ് ലഭിച്ചത്. വിള നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ ചെറുക്കാൻ വേലി കെട്ടിത്തിരിച്ച് ജീവനക്കാർ ഊഴമനുസരിച്ചായിരുന്നു പരിപാലനം. തെക്കുംകര പഞ്ചായത്ത്, ഹരിത കേരളം മിഷൻ എന്നിവരുടെ നിർദ്ദേശങ്ങളും വ്യവസായ വകുപ്പിന്റെയും റിയാബിന്റെയും മേൽനോട്ടവും കൂടിയായതോടെ തരിശുനിലത്ത് പൊന്ന് വിളഞ്ഞു.

വിളവെടുപ്പ് ചടങ്ങിൽ തെക്കുംകര കൃഷി ഓഫിസർ സുജിത് ഗോവിന്ദ്, ഹരിത കേരളം ജില്ലാ കോ- ഓർഡിനേറ്റർ പി.എസ്. ജയകുമാർ, മിൽ മാനേജർ അഷറഫ് പി. ഖാദർ, ഫിനാൻസ് മാനേജർ എസ്.എസ്. ദിനു, സി.എ. ഔസേപ്പ് എന്നിവർ പങ്കെടുത്തു.

..................................................


രണ്ട് മാസത്തെ ശ്രമകരമായ ദൗത്യമാണ് നല്ല വിളവെടുപ്പിന് കാരണമായത്. ഞങ്ങൾക്ക് വലിയ സംതൃപ്തിയാണ് സംരഭത്തിലൂടെ ലഭിച്ചത്. മില്ലിന്റെ അധീനതയിലുള്ള കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കും.

- എം.കെ. കണ്ണൻ, ചെയർമാൻ, തൃശൂർ കോ- ഓപറേറ്റീവ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡ്‌