മാള: കരിങ്ങാച്ചിറയിൽ പഴയ പാലവും വഴിയും കൈവിടാത്ത പൊതുമരാമത്ത് വകുപ്പ് പുതിയ പാലത്തെ മറന്നു. പുതിയ പാലം നിർമ്മിച്ചെങ്കിലും അനുബന്ധ വഴിയുടെ ഒരറ്റം മുട്ടിക്കാൻ വഴി തേടി അലയുന്ന വകുപ്പ് ഇപ്പോൾ പഴയതിന്റെ മുഖം മിനുക്കുകയാണ്. ഒമ്പത് വർഷം മുൻപ് നിർമ്മാണം തുടങ്ങിയ പാലത്തിലൂടെയുള്ള ഗതാഗതം ഇനി എന്ന് സാദ്ധ്യമാക്കുമെന്ന ചോദ്യത്തിന് ഉത്തരം ഇല്ലാത്ത അവസ്ഥയിലാണ്.
കാട് കയറിക്കിടക്കുന്ന പുതിയ പാലത്തിനോട് ചേർന്നുള്ള പഴയ പാലവും അനുബന്ധ വഴിയും അറ്റകുറ്റപ്പണി നടത്തുകയാണ്. ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ഒരു നോക്കുകുത്തിയായി ഇതിനകം മാറിയിട്ടുണ്ട്. മഴക്കാലമാണെങ്കിലും അറ്റകുറ്റപ്പണി നടത്തുന്ന തിരക്കിലാണ് പൊതുമരാമത്ത് വകുപ്പ്.
പഴയ പാലം ഇടുങ്ങിയതും തകർച്ചാ ഭീഷണിയും ഉള്ളതിനാലാണ് പുതിയതിന് പദ്ധതി തയ്യാറാക്കിയത്. 2011 ലാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ പാലം നിർമ്മിച്ച ശേഷമാണ് പൊതുമരാമത്ത് വകുപ്പ് അനുബന്ധ റോഡിന്റെ കാര്യം ആലോചിച്ചത്. പാലത്തിന്റെ ഒരറ്റം ചെന്നെത്തിയത് സമീപത്തെ പള്ളി വക സ്ഥലത്തായിരുന്നു. ഈ സ്ഥലം പൊതുമരാമത്തിന് വിട്ടുകിട്ടുന്നതിന് വേണ്ടി അലയേണ്ടി വന്നത് വർഷങ്ങളായിരുന്നു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പും നാട്ടുകാരും പാലത്തെ മറന്ന അവസ്ഥയിലാണ്.
കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് പൊതുഫണ്ട് ദുരുപയോഗം ചെയ്ത നിലയിലാണ്. ആർക്കും പ്രയോജനം ഇല്ലാത്ത പുതിയ പാലത്തിന്റെ അനുബന്ധ റോഡിന്റെ ഭാഗത്ത് കാട് കയറിയിട്ടുണ്ട്. ഇരുമുന്നണികളും മാറി വന്നിട്ടും പാലത്തിന്റെ കാര്യത്തിൽ പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മ ദീർഘകാലം സമരം സംഘടിപ്പിച്ചെങ്കിലും അധികൃതർ നൽകിയ ഉറപ്പുകൾ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയ അവസ്ഥയിലാണ്.