കാഞ്ഞാണി: നവവധു ശ്രുതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ അന്വഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വഷണം കുറ്റക്കാർക്ക് രക്ഷാകവചം തീർക്കാനാണ്. ഇൻക്വസ്റ്റ് നടപടികൾ മുതൽ അന്തിക്കാട് പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് നേരിട്ടത്. അന്വഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യൽ ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിലെ ചായകടയിൽ വച്ചായിരുന്നെന്നും ശ്രുതിയുടെ അച്ചൻ
സുബ്രഹ്മണ്യൻ വിശദീകരിച്ചു.
മരണത്തിനു് മിനുറ്റുകൾക്കു മുമ്പ് വരെ ശ്രുതി സന്തോഷവതിയായാണ് സംസാരിച്ചിരുന്നതെന്നും പിന്നീട് നടന്ന സംഭവങ്ങളിൽ ദുരൂഹതകളുണ്ടെന്നും ശ്രുതിയുടെ പിതാവ് പറഞ്ഞു. ഭർതൃവീട്ടുകാർക്ക് മരണത്തിലേക്ക് നയിച്ച കൃത്യമായി അറിയാമെന്നും അത് പുറത്തു കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും സുബ്രഹമണ്യൻ പറഞ്ഞു. തനിക്കും മകനും ജീവന് ഭീഷണിയുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ശ്രുതിയുടെ പിതാവ് പറഞ്ഞു.
പൊലീസ് ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ സി.ബി.ഐ അന്വഷണം വേണ്ടിവരുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. ആവശ്യങ്ങൾ ഉയർത്തി ഈ മാസം 25ന് രാവിലെ 10 മുതൽ പെരിങ്ങോട്ടുകര സെന്ററിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സാറ ജോസഫ് ഉൾപ്പെടെ 20 ഓളം പ്രമുഖ സാംസ്കാരിക നായകർ ഉപവാസ സമരത്തിൽ പങ്കെടുക്കും. ശ്രുതിയുടെ പിതാവ് സുബ്രഹ്മണ്യനു പുറമെ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ വി.എസ്. സുബിൻ, സി.ജെ. പ്രവീൺ,
ഷൈജൻ ആലാട്ട്, എം.വി. അരുൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.