തൃശൂർ: മുൻകുറ്റവാളികൾ, പ്രൊബേഷനർമാർ, കുറ്റവാളികളുടെ നിർദ്ധനരായ ആശ്രിതർ, അതിക്രമങ്ങൾക്കിരയായവരുടെ മക്കൾ എന്നിവർക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2020- 21 സാമ്പത്തിക വർഷത്തേക്ക് സാമൂഹികനീതി ഡയറക്ടറാണ് അപേക്ഷ ക്ഷണിച്ചത്.

ജയിൽ വിമുക്തരായ മുൻ കുറ്റവാളികൾ, പ്രൊബേഷൻ ഒഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരം പ്രൊബേഷൻ റിലീസ് ലഭിച്ച പ്രൊബേഷനർമാർ, ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാനമാർഗമില്ലാത്ത ആശ്രിതർ (ഭാര്യ, ഭർത്താവ്, കുട്ടികൾ) അതിക്രമങ്ങൾക്കിരയായവരുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അനുവദിക്കുന്ന പരമാവധി തുക 15000 രൂപയാണ്. വിശദ വിവരങ്ങളും അപേക്ഷ ഫോമും അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 21. ഫോൺ: 0487 2363999.