തൃശൂർ: നിർദ്ധന വിദ്യാർത്ഥിനിക്ക് കൈത്താങ്ങായി ഭാരതീയ ജനതാ പാർട്ടി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി. ഓൺലൈൻ പഠനത്തിന് സ്വകര്യമില്ലാതിരുന്ന പുതുരുത്തി പൊന്നാരശ്ശേരി സ്വദേശി കണ്ണന്റെ മകൾക്ക് ബി.ജെ.പി പ്രവർത്തകർ ടെലിവിഷൻ കൈമാറി. ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം നിരവധി വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാണെന്നും അവർക്ക് സഹായം എത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും റിഷി പൽപ്പു പറഞ്ഞു. ബി.ജെ.പി വടക്കാഞ്ചേരി നിയോജക മണ്ഡലം സെക്രട്ടറി കെ. രാജു അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ഒ.ബി.സി മോർച്ച സെക്രട്ടറി ബാലാജി, മുനിസിപ്പൽ സെക്രട്ടറി ഗോപൻ, മുനിസിപ്പൽ കമ്മിറ്റി അംഗം രാധാകൃഷ്ണൻ, യുവമോർച്ച മുനിസിപ്പൽ വൈസ് പ്രസിഡന്റ് സജിത്ത്, ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി അംഗം വിജയൻ, മൂന്നാം ഡിവിഷൻ കൺവീനർ സരേഷ് എന്നിവർ പങ്കെടുത്തു.