ചേലക്കര: സമൂഹവ്യാപനത്തിന്റെ ഘട്ടം മുന്നിൽകണ്ട് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പലപ്പോഴും ജനങ്ങൾ അലംഭാവം കാണിക്കുന്നതായി ആരോഗ്യപ്രവർത്തകർ യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി മുഴുവൻ കടകമ്പോളങ്ങളിലും കൊവിഡ് പ്രതിരോധ സന്ദേശ ബോർഡുകൾ സ്ഥാപിക്കുന്നതിനും നോട്ടീസ് പതിപ്പിക്കുന്നതിനും തീരുമാനിച്ചു. അടിയന്തിര കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മിഷൻ പ്രാഥമിക കേന്ദ്രങ്ങളിലേക്കും, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും 3.75 ലക്ഷം രൂപ അനുവദിച്ചു.
മഴക്കാലമായതോടെ പകർച്ച വ്യാധികളും പടരാനുള്ള സാധ്യത യോഗം വിലയിരുത്തി. ഒരു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതും മൂന്ന് ഡെങ്കിപ്പനി സാധ്യത റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം നടത്തും. 25ന് തോട്ടങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ തോട്ടമുടമകളുടെയും വാർഡ്തല ആരോഗ്യ സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തും. 28ന് വീടുകളിൽ ഡ്രൈഡേ ആചരിക്കും. 27ന് സ്ഥാപനതല ഡ്രൈഡേ ആചരിക്കുന്നതിനും തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഡോക്‌സി സൈക്കളിൻ നൽകണമെന്ന് തീരുമാനിച്ചു. നോട്ടീസ് തയ്യാറാക്കി എല്ലാ വീടുകളിലും എത്തിക്കുന്നതിനും കൊതുക് വല, സാനിറ്ററി പൈപ്പുകളിൽ സ്ഥാപിക്കുന്നതിനും ക്ലോറിനേഷൻ നടത്തുന്നതിനും തീരുമാനമായി. കുടുംബശ്രീ പ്രവർത്തകരെ പ്രവർത്തനങ്ങൾക്ക് പങ്കാളികളാക്കണമെന്നും ജനകീയ പങ്കാളിത്തോടെ നടത്തണമെന്നും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് വി. തങ്കമ്മ, വൈസ് പ്രസിഡന്റ് എം. പത്മകുമാർ, കെ.ആർ. സത്യൻ, സെക്രട്ടറി എ.ഗണേഷ്, ഡോ.ഷീബ എന്നിവർ പങ്കെടുത്തു.