ഗുരുവായൂർ: ഗുരുവായൂർ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് ആശ്വാസമേകുന്നതാണ് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരൻ നടത്തിയ പ്രഖ്യാപനം. കിഴക്കെനടയിലെ റെയിൽവേ മേൽപ്പാലത്തിന് ടെൻഡർ നടപടികൾ ആരംഭിച്ചതായുള്ള മന്ത്രി ജി. സുധാകരന്റെ പ്രഖ്യാപനം ഗുരുവായൂർ നിവാസികൾക്കും ദിനംപ്രതി ക്ഷേത്ര നഗരിയിൽ എത്തുന്ന ഭക്തർക്കും ആശ്വാസമാണ്. ക്ഷേത്ര നഗരിയുടെ വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്ന റെയിൽവേ ഗേറ്റിലെ ഗതാഗത സ്തംഭനത്തിന്റെ കുരുക്കഴിക്കുന്നതാണ് തൃശൂർ റോഡിലെ നിർദിഷ്ട മേൽപ്പാലം.
കിഫ്ബി ധനസഹായത്തോടുകൂടി 222 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന 10 റെയിൽവേ മേൽപാലങ്ങൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുഖേന ടെൻഡർ ചെയ്തതിൽ ഗുരുവായൂർ മേൽപ്പാലവും ഉൾപ്പെടുത്തിയതായാണ് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചത്. 20.09 കോടിയാണ് പാലത്തിനായി കിഫ്ബി വകയിരുത്തിയിട്ടുള്ളത്. നിർമാണ കാലതാമസം ഒഴിവാക്കാൻ സ്റ്റീൽ-കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്ചർ ഉപയോഗിച്ചാവും നിർമാണം. ദിവസം 30 തവണയോളം തുറന്നടക്കുന്ന ഗേറ്റ് ഗുരുവായൂരിൽ കനത്ത ഗതാഗത കുരുക്കാണ് സൃഷ്ടിക്കാറുള്ളത്. ഇതിന് പുറമെയാണ് ഗേറ്റിന്റെ തകരാർ മൂലമുണ്ടാകുന്ന കുരുക്ക്. എൽ.ഡി.എഫ് ഗവൺമെന്റിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ മേൽപ്പാലം ഇടം പിടിച്ചിരുന്നെങ്കിലും നടപടികൾ മന്ദഗതിയിലാവുകയായിരുന്നു. ഗുരുവായൂർ കിഴക്കേ നടയിൽ തൃശൂർ റോഡിൽ നിലവിലെ ഗേറ്റിന് മുകളിലായി 462.2 മീറ്റർ നീളത്തിലും 8.4 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. 42.04 സെൻറ് ഭൂമി മേൽപ്പാലത്തിന് വേണ്ടത്. സ്ഥലം ഏറ്റെടുക്കുമ്പോൾ ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ടതില്ല. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികൾ നടന്നു വരുന്നുണ്ട്.
............................
മേൽപ്പാലവും നിർമ്മാണവും
222 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന 10 റെയിൽവേ മേൽപാലങ്ങളിൽ ഗുരുവായൂർ മേൽപ്പാലവും
പാലത്തിനായി കിഫ്ബി വകയിരുത്തിയിട്ടുള്ളത് 20.09 കോടി
സ്റ്റീൽ-കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്ചർ ഉപയോഗിച്ചാവും നിർമാണം
ഗുരുവായൂർ കിഴക്കേ നടയിൽ തൃശൂർ റോഡിൽ നിലവിലെ ഗേറ്റിന് മുകളിലായി നിർമ്മാണം
462.2 മീറ്റർ നീളത്തിലും 8.4 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക.
42.04 സെന്റ് ഭൂമി മേൽപ്പാലത്തിന് വേണ്ടത്.
സ്ഥലം ഏറ്റെടുക്കുമ്പോൾ ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ടതില്ല.