ചാലക്കുടി: സംസ്ഥാനത്തിന് പാരിസ്ഥിതികവും സാമ്പത്തികവുമായി ഏറെ നഷ്ടം സമ്മാനിക്കുന്ന അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിന്റെ ആവശ്യം സർക്കാർ വ്യക്തമാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. അതിരപ്പിള്ളി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചാലക്കുടി എം.എൽ.എയുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി സർക്കാർ കാണിക്കുന്ന അമിത താല്പര്യത്തിന്റെ പിന്നിലെ വസ്തുത ജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ പദ്ധതി പ്രദേശം ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിലെ എം.എൽ.എ തയ്യാറാകണം. ജനങ്ങൾക്കതിനു അവകാശവുമുണ്ട്. സി.ആർ.നീലകണ്ഠൻ തുടർന്നു പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ്, ഡി.സി.സി സെക്രട്ടറി ജെയിംസ് പോൾ, ലീല സുബ്രമണ്യൻ, ഷിബു വാലപ്പൻ, തോമസ് ഐ കണ്ണത്ത്, വി.എൽ. ജോൺസൻ, ആൽബിൻ പൗലോസ് എന്നിവർ സംസാരിച്ചു. സമരക്കാരെ പൊലീസ് വഴിയിൽ തടഞ്ഞു.