ചാലക്കുടി: അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതി പ്രാവർത്തികമാക്കുന്നതിന് 14 ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിന് ചാലക്കുടിയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. ഗ്രൂപ്പ് ലീഡർമാർക്കും കർഷകർക്കും കാർഷിക പരിശീലനം നൽകുന്നതിനും റെസ്റ്റ് ഹൗസിൽ എം.എൽ.എ ബി.ഡി. ദേവസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കാർഷിക ഉപകരണങ്ങൾ വാങ്ങൽ, കുരുമുളക് തൈകൾ വച്ച് പരിശീലിപ്പിക്കൽ തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടു. വെറ്റിലപ്പാറയിൽ സംസ്‌കരണ കേന്ദ്രം ആരംഭിക്കും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 7.92 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. എന്നാൽ 10.30 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചതെന്ന് ജില്ലാ കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ, നോഡൽ ഓഫീസർ ശാലുമോൻ എന്നിവർ വിശദീകരണത്തിൽ വ്യക്തമാക്കി. വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി. വിനോദ്, ട്രൈബൽ ഓഫീസർ ഇ.ആർ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, വൈസ് പ്രസിഡന്റ് അഡ്വ.വിജു വഴക്കാല, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.