തൃശൂർ: നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. മനോജ്കുമാർ, എസ്.ഐ: കെ.ജെ. ജിനേഷ് എന്നിവരെ മദ്ധ്യമേഖല ഐ.ജി. അശോക് യാദവ് സസ്‌പെൻഡ് ചെയ്തു. മുല്ലശ്ശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയാണ് പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ മരിച്ചത്. ജനുവരി ആറിന് വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസമായിരുന്നു മരണം.

അസ്വാഭാവിക മരണമായിട്ടും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വന്ന വീഴ്ച തുടരന്വേഷണത്തെ പ്രതികൂലമാക്കിയിരുന്നു. ശ്രുതിയുടെ കഴുത്തിലും ശരീരത്തിലും പാടുകളുണ്ടായിരുന്നിട്ടും കുഴഞ്ഞു വീണു മരിച്ചു എന്ന നിലയിലാണ് പൊലീസ് നടപടികൾ. കുഴഞ്ഞു വീണ ശ്രുതിയെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസിനായി കാത്തുനിന്നതിലും ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നു.

ഭർത്താവ് പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുവേലി വീട്ടിൽ അരുണിനെക്കുറിച്ചും അന്വേഷണം നടന്നില്ല. സ്വകാര്യ പണമിടപാടുമായി പ്രവർത്തിക്കുന്ന അരുൺ വധശ്രമക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മരണം സംഭവിച്ച ശുചിമുറി ഉൾപ്പെടെ സീൽ ചെയ്യാത്തതുമൂലം ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനും സാധിച്ചിരുന്നില്ല. തൃശൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടന്നത്. സ്വാഭാവിക മരണമെന്ന നിലയിലാണ് ശവസംസ്‌കാര നടപടികൾ.


ശ്രുതിയുടെ മരണം സംഭവിച്ച് തുടക്കത്തിലെ ഭർതൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഫെബ്രുവരി 13ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് മരണത്തിലെ സംശയങ്ങൾ ശ്രുതിയുടെ വീട്ടുകാർ ഉന്നയിക്കുന്നത്. കഴുത്തിലേറ്റ പാടുകളും നെഞ്ചിലുളള മുറിവുകളും പോസ്റ്റ്‌മോർട്ടത്തിൽ എടുത്തുപറഞ്ഞിരുന്നു. ശ്രുതിയുടെ അച്ഛന് പൊലീസ് സർജൻ നൽകിയ വിശദാംശങ്ങളും മരണത്തിലെ അസ്വാഭാവികതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു.

അരുണിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ നടക്കുന്നുണ്ടെന്നും, അന്തിക്കാട് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി അന്വേഷണം നടത്തി. ജനകീയ ആക്‌ഷൻ കൗൺസിൽ ഉണ്ടാക്കി ശക്തമായ സമരപരിപാടികൾ ആരംഭിക്കുകയും അന്തിക്കാട് പൊലീസിനെതിരെ നടപടി ആവശ്യപെടുകയും ചെയ്തിരുന്നു. യുവചേതനയുടെ നേതൃത്വത്തിൽ മുല്ലശ്ശേരിയിലെ ശ്രുതിയുടെ വീട് മുതൽ കുറ്റവാളിയുടെ പെരിങ്ങോട്ടുകരയിലെ വീട് വരെ മനുഷ്യശൃംഖലയും തീർത്തിരുന്നു. ശ്രുതിയുടെ പിതാവ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി. പ്രശ്‌നത്തിൽ ഇടപെട്ട മുരളി പെരുനെല്ലി എം.എൽ.എ, അന്തിക്കാട് പൊലീസിന് അന്വേഷണത്തിന്റെ തുടക്കത്തിൽ വന്ന വീഴ്ചയാണ് കേസന്വേഷണം കൂടുതൽ ദുഷ്‌കരമാക്കിയതെന്ന് മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.